സഭാതര്‍ക്കം: യാക്കോബായ പ്രതിനിധികള്‍ ഇന്ന് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: മലങ്കര സഭാ തര്‍ക്കത്തില്‍ യാക്കോബായ പ്രതിനിധികള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും. ഇന്നലെ സഭാധ്യക്ഷന്മാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ യാക്കോബായ സുറിയാനി സഭ പ്രതിനിധികളായ മോര്‍ ഗ്രീഗോറിയോസ് ജോസഫ്, മോര്‍ തീമോത്തിയോസ് തോമസ്, മോര്‍ തെയോഫിലോസ് കുര്യാക്കോസ് എന്നീ മെത്രാപ്പോലീത്തന്‍മാര്‍ തിങ്കളാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ എത്തി.

മിസോറാം ഹൗസില്‍ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള വൈദികരെ സ്വീകരിച്ചു. ഉച്ചക്ക് 12 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച്ച . ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയും ചര്‍ച്ചയില്‍ പങ്കെടുക്കും. ചര്‍ച്ചയ്ക്ക് ശേഷം ഇരു സഭാവിഭാഗങ്ങളിലേയും വൈദികര്‍ക്ക് മിസോറാം ഹൗസില്‍ വിരുന്ന് സത്കാരവും ഒരിക്കിയിട്ടുണ്ട്. ഇന്നലെ ഓര്‍ത്തോഡോക്‌സ് സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇരു സഭകളും ഒരുമിച്ച് മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ് വ്യക്തമാക്കിയിരുന്നു. സിനഡ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, ഡല്‍ഹി ഭദ്രാസന മെത്രോപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

യാക്കോബായ സഭ മുന്നോട്ട് വയ്ക്കുന്ന ശുപാര്‍ശകള്‍ കൂടി കണക്കിലെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കും. ജനുവരി ആദ്യവാരം കത്തോലിക്ക സഭാ പ്രതിനിധികളുമായും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Content Highlight: Jacobite Church representatives will meet PM today