ജനങ്ങള്‍ക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച കൊറോണ വാക്‌സിന്‍ ലഭിക്കുമെന്ന് പ്രധാനമന്ത്രി; നടപടികള്‍ അന്തിമ ഘട്ടത്തില്‍

narendra modi in kerala

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ രാജ്‌കോട്ടില്‍ എയിംസ് ആശുപത്രിക്കു തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിന്‍ ലഭിക്കുമെന്നും വാക്‌സിനേഷന്‍ പരിപാടികളുടെ നടപടികള്‍ അവസാനഘട്ടത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിന്‍ വിതരണത്തിന് അനുമതി തേടിയ കന്പനികളെ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയമിച്ചതിനു പിന്നാലെയാണു പ്രധാനമന്ത്രിയുടെ പ്രസ്താവന. അതേസമയം, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഭാരത് ബയോടെക് എന്നിവയുടെ കോവിഡ് വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നിഷേധിച്ചെന്ന റിപ്പോര്‍ട്ടുകളും ഇതിനൊപ്പം പുറത്തുവരുന്നുണ്ട്. വാക്‌സിന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ നിര്‍മാതാക്കളോടു തേടിയെന്നാണു റിപ്പോര്‍ട്ടുകള്‍.

ഓക്‌സ്ഫഡ്- ആസ്ട്രസെനക വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനാണു സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു ഭാരത് ബയോടെകിന്റെ ആവശ്യം.

Content Highlight: PM Narendra Modi laid stone for Rajkot AIMS hospital