കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിന് കൊവിഡ് സാന്ദ്രതാപഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സാര്‍സ് കൊവിഡ് 2 ആന്റിബോഡിയുടെ സാന്നിധ്യം എത്രത്തോളം ആളുകളില്‍, പ്രത്യേകിച്ച് അപകടസാധ്യത കൂടുതലുള്ളവരിൽ ഉണ്ടെന്നു മനസ്സിലാക്കുകയാണ് പഠനത്തിന്റെ പ്രധാന ലക്ഷ്യം.
ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടറുടെയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിഇഐഡി സെല്‍ നോഡല്‍ ഓഫിസറുടെടെയും മേല്‍നോട്ടത്തിലാണ് പഠനം. ജില്ലാ തലത്തില്‍ ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും. ആരോഗ്യ വകുപ്പിലെ ജില്ലാ സര്‍വൈലൻസ് ഓഫിസര്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പൊലീസ് സ്റ്റേഷനുകളുടെയും ലിസ്റ്റ് തയാറാക്കുകയും അതില്‍നിന്നും 5 വീതം സ്ഥാപനങ്ങളെ ഓരോ ജില്ലയില്‍നിന്നും പഠനത്തിനായി തിരഞ്ഞെക്കുകയും ചെയ്യും. സംസ്ഥാനത്താകമാനം 18 വയസ്സിനു മുകളിലുള്ള 12,100ഓളം ആളുകളില്‍ പഠനം നടത്താനാണ് ഉദ്ദേശിക്കുന്നത്. താലൂക്കാശുപത്രികളിലെ സൂപ്രണ്ടായിരിക്കും അതാതു പഠനമേഖലയില്‍ നേതൃത്വം നല്‍കുന്നത്.
ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ഓരോ സ്ഥലങ്ങളില്‍ നിന്നും 12 പേരെ വീതം പരിശോധനയ്ക്കു വിധേയമാക്കും. ഒരു ജില്ലയില്‍ കുറഞ്ഞത് 350 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഓരോ ജില്ലയില്‍നിന്നും കൊവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍, പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരില്‍നിന്ന് 240 സാംപിളുകള്‍ പരിശോധിക്കും. ഗ്രാമ, നഗര മേഖലകളില്‍നിന്ന് സാംപിളെടുക്കും. ശേഖരണത്തിനു മുൻപായി ആളുകളുടെ സമ്മതപത്രം വാങ്ങും. രോഗത്തിന്റെ അടുത്ത ഘട്ട വ്യാപന സാധ്യത മനസ്സിലാക്കുന്നതിനും മുന്നൊരുക്കങ്ങള്‍ നടത്തുവാനും നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും ഈ പഠനം സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
content highlights: Kerala government going to study about Covid second spread