യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനായി യുഎസ് കാബിനറ്റ് അംഗങ്ങൾ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ ട്രംപ് അനുയായികൾ നടത്തിയ ആക്രമണത്തിന് പിന്നാലെയാണിത്. യുഎസ് മാധ്യമങ്ങളാണ് ട്രംപിനെ വൈറ്റ് ഹൌസിൽ നിന്നും പുറത്താക്കുന്നതിനുള്ള സാധ്യതകൾ കാബിനറ്റ് അംഗങ്ങൾ തേടുന്ന കാര്യം റിപ്പോർട്ട് ചെയ്തത്.
യുഎസ് ഭരണഘടനയിലെ 25-ാം വകുപ്പ് അനുസരിച്ച് വൈസ് പ്രസിഡന്റിനും ക്യാബിനറ്റിനും ചേർന്ന് പ്രസിഡന്റിനെ നീക്കം ചെയ്യാണ് അധികാരമുണ്ട്. സ്വന്തം ചുമതലകളും ഉത്തരവാദിത്തങ്ങളും നടപ്പിലാക്കാൻ പ്രസിഡന്റിന് സാധിക്കാത്ത സാഹചര്യത്തിലാണ് ഇംപീച്ചമെന്റ് നടപടികൾക്ക് 25-ാം വകുപ്പ് ശുപാർശ ചെയ്തത്. എനനാൽ ഈ നടപടിക്ക് തുടക്കമിടാൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ പിന്തുണ കൂടി വേണം എന്നതാണ് നിർണായകമായ കാര്യം. ട്രംപിന്റെ വിശ്വസ്തനായ മൈക്ക് പെൻസ് അതിന് തയ്യാറാകുമോ എന്ന കാര്യം വ്യക്തമാല്ല.
ട്രംപ് ഇപ്പോൾ ഒരു കണ്ട്രോളുമില്ലാത്ത അവസ്ഥയിലാണെന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉന്നത നേതാവ് തന്നെ പറഞ്ഞതായി സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ട്രംപിനെ നീക്കം ചെയ്യാനുള്ള നടപടികൾ പാർട്ടിയും സർക്കാരും സജീവമായി പരിഗണിക്കുന്നുണ്ടെന്നും ട്രംപിനെ നീക്കം ചെയ്യാൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന് മേൽ കടുത്ത സമ്മർദമാണ് സഹപ്രവർത്തകർ ചെലുത്തുന്നതെന്നും സിബിഎസ്, എബിസി എന്നീ ചാനലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ട്രംപിന്റെ കാര്യത്തിൽ അടിയന്തരമായി ഒരു തീരുമാനം വേണമെന്നും കാപിറ്റോൾ ആക്രമണത്തിന് മണിക്കൂറുകൾക്ക് മുൻപ് അനിയായികളെ പ്രകോപിപ്പിച്ച് ട്രംപ് നടത്തിയ പ്രസംഗം അയാളുടെ മാനസിക നിലക്ക് കാര്യമായ തകരാറുണ്ടെന്നതിന് തെളിവാണെന്നും വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന് അയച്ച കത്തിൽ ഡെമോക്രാറ്റിക് നേതാക്കൾ ആരോപിക്കുന്നു. കാപിറ്റോളിൽ തീവ്രവാദി ആക്രമണം നടത്തുന്ന ട്രംപ് അമേരിക്കൻ ജനാധിപത്യത്തിന് തന്നെ ഭീഷണിയായി മാറി കഴിഞ്ഞു. എത്രയും വേഗം ഇയാളെ വൈറ്റ് ഹൌസിൽ നിന്ന് പുറത്താക്കാൻ വേണ്ടത് ചെയ്യണം എന്ന് സെനറ്റ് അംഗം കാത്തലീൻ റൈസ് ട്വീറ്റ് ചെയ്തു.
Content Highlights; cabinet members discussing trumps removal after cabinet attack