‘നിയമ വിരുദ്ധ പ്രതിഷേധം കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കരുത്’; അമേരിക്കയിലെ അക്രമത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി മോദി

ന്യൂഡല്‍ഹി: യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ നടത്തുന്ന അക്രമത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമ വിരുദ്ധമായ പ്രതിഷേധം കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കരുതെന്ന് മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ തയാറാകാത്ത ട്രംപ് അനുകൂലികളാണ് യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും ചേരുന്നതിനിടെ സുരക്ഷ വലയം ഭേദിച്ച് അകത്തു കയറി അക്രമം അഴിച്ചു വിട്ടത്. കണ്ണൂര്‍ വാതകം പ്രയോഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ തുരത്തിയത്. അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ബൈഡന്റെ വിജയം കോണ്‍ഗ്രസ് സമ്മേളത്തില്‍ അംഗീകരിക്കരുതെന്ന് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും റിപ്പബ്ലിക്കന്‍ നേതാവ് മൈക്ക് പെന്‍സ് തള്ളിയിരുന്നു. ചരിത്രത്തിലാദ്യമായാണ് വാഷിങ്ടണ്‍ ഡി.സിയില്‍ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടക്കുന്നത്. അക്രമം കടുത്തതോടെ സെനറ്റര്‍മാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.

അക്രമണത്തെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. അമേരിക്കയില്‍ അരങ്ങേറിയത് കലാപമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് നേരിട്ടെത്തി ജനങ്ങളോട് കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: “Peaceful Transfer Of Power Must Continue”: PM On US Capitol Violence