ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ട്രംപ്; ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു

we believe in the rule of law but not in violence or rioting trump

വാഷിംഗ്ടണ്‍: പരമ്പരാഗത കീഴ്‌വഴക്കങ്ങളെ ലംഘിച്ച് നുറ്റാണ്ടിന് ശേഷം അമേരിക്കന്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് മറ്റൊരു വിട്ടു നില്‍ക്കല്‍. ജനുവരി ഇരുപതിന് ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു.

ഭരണ കൈമാറ്റം സമാധാനപരമായിരിക്കും എന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന തീരുമാനം ട്രംപ് അറിയിച്ചത്. ‘ചോദിച്ച എല്ലാവരോടുമായി പറയുന്നു, ജനുവരി 20ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ഞാന്‍ പോകില്ല’ – ട്രംപ് ട്വിറ്ററില്‍ കുറിച്ചു. സമാധാനപരമായ അധികാര കൈമാറ്റത്തിന്റെ അടയാളമായി നടക്കുന്നു ഉദ്ഘാടനചടങ്ങില്‍ നിന്ന് 1869ന് ശേഷം ഇത് ആദ്യമായാണ് ഒരു വിട്ടുനില്‍ക്കല്‍. 1869ല്‍ അന്നത്തെ പ്രസിഡന്റ് ആന്‍ഡ്രൂ ജോണ്‍സണ്‍ തന്റെ പിന്തുടര്‍ച്ചക്കാരന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ നിന്ന് വിട്ടു നിന്ന ശേഷമുള്ള ആദ്യത്തെ വിട്ടു നില്‍ക്കലാകും ഇത്.

അതേസമയം, ട്രംപിനെ ട്വിറ്റര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്തതതായി കമ്പനി അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് ട്വിറ്റര്‍ ഇക്കാര്യം അറിയിച്ചത്. ‘സമീപകാലത്തെ ഡോണാള്‍ഡ് ട്രംപിന്റെ അക്കൗണ്ടിലെ ട്വീറ്റുകള്‍ അവലോകനം ചെയ്തതിനു ശേഷം, കൂടുതല്‍ അക്രമം ഇളക്കിവിടാനുള്ള സാധ്യത ഉള്ളതിനാല്‍, അക്കൗണ്ട് ശാശ്വതമായി നീക്കം ചെയ്യുന്നുവെന്ന് ട്വിറ്റര്‍ പറഞ്ഞു.

Content Highlight: Donald Trump’s twitter handle banned