‘താനും ട്രംപുമായി യോജിപ്പുള്ള ഏക കാര്യം അദ്ദേഹം സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്’: ജോ ബൈഡന്‍

വില്‍മിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച ജോ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തോട് അനുകൂല നിലപാടെടുത്ത് ബൈഡന്‍. താനും ട്രംപും തമ്മില്‍ വളരെ ചുരുക്കം കാര്യങ്ങളില്‍ മാത്രമാണ് യോജിപ്പുണ്ടാകാറുള്ളതെന്നും അതില്‍ ഒന്നാണ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിലെ വിട്ടു നില്‍പ്പെന്നും ബൈഡന്‍ പറഞ്ഞു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ ബൈഡന്‍ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.

ട്രംപ് രാജ്യത്തിന് നാണക്കേടാണെന്ന് പറഞ്ഞ ബൈഡന്‍, രാജ്യത്തെ സേവിക്കാന്‍ ട്രംപ് യോഗ്യനല്ലെന്നും കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രസിഡന്റായിരുന്നു ട്രംപെന്നും ബൈഡന്‍ കുറ്റപ്പെടുത്തി. അദ്ദേഹത്തെ കുറിച്ചുണ്ടായിരുന്ന ധാരണകളെ പോലും ട്രംപിന്റെ പ്രവര്‍ത്തി മറികടന്നെന്നും ബൈഡന്‍ വിമര്‍ശിച്ചു.

അതേസമയം, യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തിന് ട്രംപിനെ അടുത്താഴ്ച്ച കുറ്റവിചാരണ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി സ്പീക്കര്‍ നാന്‍സി പെലോസി ഇംപീച്ച്‌മെന്റ് പ്രമേയത്തിന് അനുമതി നല്‍കി. ട്രംപ് രാജിവെച്ച് സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്നും സ്പീക്കര്‍ അറിയിച്ചു.

Content Highlights: It’s a good thing, him not showing up says Joe Biden