ട്രംപിന്റെ ആഢംബര കാറായ റോൾസ് റോയ്സ് ഫാന്റം സ്വന്തമാക്കാൻ ഒരുങ്ങി ബോബി ചെമ്മണ്ണൂർ

കാലാവധി പൂർത്തിയാകുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻപ് ഉപയോഗിച്ചിരുന്ന ആഢംബര കാറായ റോയ്സ് ഫാന്റം സ്വന്തമാക്കാൻ ഒരുങ്ങി വ്യവസായി ബോബി ചെമ്മണ്ണൂർ. അമേരിക്കയുടെ 45-ാം പ്രസിഡന്റായി ചുമതലയേൽക്കും വരെ ട്രംപ് ഉപയോഗിച്ചിരുന്ന 2010 മോഡൽ ഫാന്റം സ്വന്തമാക്കാൻ ലേലത്തിൽ പങ്കെടുക്കുമെന്ന കാര്യം ബോബി ചെമ്മണ്ണൂർ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

അമേരിക്കയിലെ ലേല വെബ് സൈറ്റായ മെകം ഓക്ഷൻസിന്റെ വൈബ്സൈറ്റിലാണ് കാർ ലേലത്തിൽ വെച്ചത്. പ്രസിഡന്റ് പദത്തിലെത്തും വരെ ഉപയോഗിച്ചിരുന്നതെങ്കിലും നിലവിൽ ഈ കാറിന്റെ ഉടമസ്ഥൻ ട്രംപ് അല്ല. ആഢംബരത്തിന്റെ അവസാന വാക്കായി വിശേഷിപ്പിക്കുന്ന ദശാബ്ദത്തിലേറെ പഴക്കമുള്ള ഈ ഫാന്റത്തിന് മൂന്ന് കോടി രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

റോൾസ് റോയ്സ് ഫാന്റം ശ്രേണിയിലെ തന്നെ ആഢംബര വകഭേദമെന്ന് തോന്നിക്കുന്ന തിയറ്റർ പാക്കേജും സ്റ്റാർ ലൈറ്റ് ഹെഡ്ലൈനറും ഇലക്ടോണിക് കർട്ടനുമെല്ലാം സഹിതമെത്തുന്ന കാർ ഇതുവരെ 56700 മൈൽ(91249 കിലോമീറ്റർ) ഓടിയിട്ടുണ്ട്. 2010 ൽ ആകെ 537 ഫാന്റം കാറുകളാണ് റോൾസ് റോയ്സ് നിർമിച്ചിരുന്നത്. കാറിന് കരുത്തേകുന്നത് 6.75 ലിറ്റർ, വി 12 എൻജിനാണ്. മികച്ച സുരക്ഷ ഉറപ്പാക്കാൻ മുൻസീറ്റ് യാത്രികർക്ക് പുറമെ എയർ ബാഗുകളും കർട്ടൻ എയർ ബാഗുകളും കാറിലുണ്ട്.

Content Highlights; Boby Chemmanur ready to own trump rolls Royce phantom