യെമനിലെ ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളായി പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് സെക്രട്ടറി മെെക്ക് പോംപിയോ ആണ് ഈക്കാര്യം അറിയിച്ചത്. ബെെഡൻ അധികാരത്തിലെത്തിയാൽ ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുമെന്ന് കരുതിയിരിക്കുന്നതിനിടെയാണ് അമേരിക്കയുടെ അപ്രതീക്ഷിത നീക്കം.
പൌരന്മാർക്ക് നേരെയുള്ള ആക്രമണങ്ങൾക്കും തീവ്രവാദപ്രവർത്തനങ്ങൾക്കും അൻസാർ അല്ലായെ ഉത്തരവാദിയാക്കാനാണ് പുതിയ തീരുമാനമെന്ന് പോംപിയോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഹൂതി ഗ്രൂപ്പുകൾ യെമനിൽ സമാധാനപരമായ പ്രശ്നപരിഹാരത്തിന് തടസം നിൽക്കുകയാണെന്നും പോംപിയോ പറഞ്ഞു. ഹൂതികൾക്ക് യെമനിൽ നിർണായക സ്വാധീനമാണുള്ളത്. ഇവരെ തീവ്രവാദികളായി പ്രഖാപിച്ചതോടെ ഇവരുടെ പ്രവർത്തനങ്ങൾക്ക് വലിയ തടസമുണ്ടാകും. ബാങ്ക് ട്രാൻസ്ഫർ, സാമ്പത്തിക സഹായം, ഇന്ധനം തുടങ്ങിയ ഇടപാടുകൾ നടത്തുന്നത് ഇതോടെ ഹൂതികൾക്ക് എളുപ്പമാവില്ല.
വടക്കൻ യെമനിലെ യഥാർത്ഥ അധികാരികളായി കണക്കാക്കുന്നത് ഹൂതി ഗ്രൂപ്പുകളെയാണ്. ഇപ്പോൾ യുഎസ് ഹൂതി വിഷയത്തിൽ ഇടപെട്ടത് യെമനിൽ വീണ്ടും സംഘർഷം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഹൂതികളെ തീവ്രവാദികളായി പ്രഖ്യാപിച്ചുള്ള അമേരിക്കയുടെ തീരുമാനം യെമനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്ക് തടസമാകുമെന്നും അന്താരാഷ്ട്ര നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
content highlights: the US designating Yemen’s Houthis a ‘terrorist’ group