കത്ത് നല്‍കിയത് വ്യക്തിപരം; ചലചിത്ര അക്കാദമി നിയമന വിവാദത്തില്‍ പ്രതികരിച്ച് കമല്‍

Chairman Kamal's letter to the Government on Chalachithra Academy appointment

തിരുവനന്തപുരം: ചലചിത്ര അക്കാദമിയിലെ നിയമനം സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ഇടതു സ്വഭാവമുള്ളവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി എ കെ ബാലന് കമല്‍ കത്ത് നല്‍കിയത് വ്യക്തിപരമായ ഇഷ്ടപ്രകാരമായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യത്തില്‍ നേരത്തെ തീരുമാനമായിരുന്നതാണെന്നും സംഭവത്തില്‍ ജാഗ്രതക്കുറവുണ്ടായതായും കമല്‍ പറഞ്ഞു.

ഇടതു അനുഭാവമുള്ളവരെ ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചെയര്‍മാന്‍ കമല്‍ മന്ത്രി എ.കെ.ബാലന് നല്‍കിയ കത്ത് ഇന്നലെയാണ് പ്രതിപക്ഷം പുറത്തുവിട്ടത്. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കത്തുപുറത്തുവിട്ടത്. എന്നാല്‍ ഈ കത്ത് പരിഗണിക്കേണ്ടതില്ലെന്ന് മന്ത്രി അന്ന് തന്നെ പറഞ്ഞിരുന്നെന്നും, ചലചിത്ര അക്കാദമിയുടെ യാതൊരു സംവിധാനവും ഉപയോഗിക്കാതെയാണ് വ്യക്തിപരമായി കത്ത് നല്‍കിയതെന്നും കമല്‍ വിശദീകരിച്ചു.

അക്കാദമി സിപിഐഎമ്മിന്റെ പോഷകസംഘടനയല്ലെന്ന് കത്തു നിയമസഭയുടെ മേശപ്പുറത്തുവെച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാല്‍ ഇത്തരത്തിലല്ല നിയമനം നടത്തുന്നതെന്ന് എ.കെ.ബാലന്‍ കത്തിനു മറുപടി നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.

Content Highlight: Recruitment controversy at the Chalachitra Academy; Kamal admits lack of vigilance