സ്വർണ്ണക്കടത്ത് കേസിൽ അടിയന്തര പ്രമേയത്തിന് നോട്ടീസയച്ച് പ്രതിപക്ഷം. പിടി തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായതും അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു വിവാദപരമായ കേസ് വരുന്നതെന്ന് പ്രതിപക്ഷം നോട്ടീസിൽ വ്യക്തമാക്കി.
കേസുമായി ബന്ധപെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലാണ്. അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലിലാണ്. ഈ സാഹചര്യത്തിൽ സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നാവശ്യപെട്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. സ്വർണ്ണക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രി നിങ്ങളൊരു കമ്മ്യൂണിസ്റ്റാണോ എന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടികൊണ്ട് പിടി തോമസ് ചോദിച്ചു.
ശിവശങ്കർ പ്രതിയായ കേസുകളിലെല്ലാം ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. ശിവങ്കർ സ്വപ്ന സുന്ദരിക്കൊപ്പം കറങ്ങിയപ്പോൾ തടയാൻ മുഖ്യമന്ത്രിക്ക് സാധിച്ചില്ല. പരസ്യവും കിറ്റും നൽകി എന്നും ജനങ്ങളെ പറ്റിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പുത്രവാൽസല്യത്താൽ അന്ധനായ ധൃതരാഷ്ട്രരെ പോലെയാണ് മുഖ്യമന്ത്രിയെന്നും അദ്ധേഹത്തിന്റെ മകളുടെ വിവാഹ തലേന്ന് സ്വപ്ന അവിടെ എത്തിയിരുന്നുവോ ഇല്ലയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പിടി തോമസ് ആവശ്യപെട്ടു. അതേസമയം സഭ്യേതര പ്രയോഗമാണ് പിടി തോമസ് നടത്തുന്നതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. പൂരപ്പാട്ടാണോ സഭയിൽ നടക്കുന്നതെന്ന ചോദ്യവും മുഖ്യമന്ത്രി ഉന്നയിച്ചു.
Content Highlights; discussion on gold smuggling case in the assembly