പാലാ സീറ്റില്‍ വിട്ടുവീഴ്ച്ചക്കൊരുങ്ങി മാണി സി കാപ്പന്‍; പകരം രാജ്യസഭ സീറ്റ് വേണമെന്ന് ആവശ്യം

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ സീറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനൊരുങ്ങി എന്‍സിപി. പാലാ സീറ്റില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് നിന്നിരുന്ന മാണി സി കാപ്പന്‍ വിഭാഗം നിലവില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ തയാറായി രംഗത്ത് വന്നു. എന്നാല്‍ പകരം രാജ്യസഭ സീറ്റോ വാഗ്ദാനമോ വേണമെന്നാണ് കാപ്പന്‍ വിഭാഗത്തിന്റെ ആവശ്യം.

നേരത്തെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലോ എന്‍സിപി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലോ സീറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമായിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇടപെട്ട് കൂടുതല്‍ സീറ്റ് വാഗ്ദാനം ലഭിച്ചാല്‍ യുഡിഎഫിലേക്ക് മാറാനുള്ള നീക്കവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

അതേസമയം, എന്‍സിപിക്കുള്ളിലെ ഭിന്നത പരിഹരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ ഇന്ന് ദേശീയധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച്ച നടത്തും. സംസ്ഥാനത്തെ സാഹചര്യങ്ങളും എല്‍ഡിഎഫില്‍ നിന്ന് അവഗണന നേരിടുന്ന വിഷയങ്ങളും പവാറിനെ ധരിപ്പിക്കും. പ്രശ്‌ന പരിഹാരത്തിന് പവാര്‍ ഉടന്‍ തന്നെ കേരളത്തിലെത്തുമെന്നാണ് സൂചന.

Content Highlight: Mani C Kappan compromises in Pala seat