കൊവിഡ് വാക്‌സിനേഷന്‍ ബജറ്റിന്റെ ഭാഗമാകില്ല; അഭ്യസ്തവിദ്യര്‍ക്കും കര്‍ഷകര്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റ് നാളെ പ്രഖ്യാപിക്കാനിരിക്കെ ബജറ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ധനമന്ത്രി തോമസ് ഐസക്. നികുതിയിളവുകള്‍ ബജറ്റിന്റെ ഭാഗമാകുമെന്നാണ് ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍. കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ തീരുമാനങ്ങള്‍ ഇനിയും അരിയേണ്ടതിനാല്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ ബജറ്റിലുണ്ടാകില്ലെന്നും ധനമന്ത്രി അറിയിച്ചു.

കേന്ദ്രം സൗജന്യമായി വാക്‌സിന്‍ തന്നില്ലെങ്കിലും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. ഇത് പ്രകാരം, കേന്ദ്രം ചുരുങ്ങിയ വിലയ്ക്ക് വാക്‌സിന്‍ നല്‍കാന്‍ തയാറായാല്‍ ബാക്കി തുക സംസ്ഥാനം മുടക്കിയാല്‍ മതിയെന്നും തോമസ് ഐസക് പറഞ്ഞു. വിവിധ ക്ഷേമ പെന്‍ഷന്‍ പരിധിയിലുള്ളവര്‍ക്ക് ബജറ്റില്‍ കൂടുതല്‍ കൂടുതല്‍ സഹായം നല്‍കാനാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം.

തൊഴിലില്ലായ്മയും കര്‍ഷക പ്രശ്‌നവും പരിഗണിച്ച് ഇവര്‍ക്ക് പ്രത്യേക സഹായം നല്‍കാനുള്ള പരിപാടികളും ബജറ്റില്‍ ആസൂത്രണം ചെയ്യുന്നുണ്ട്. കാര്‍ഷിക മേഖലയ്ക്ക് വലിയ ഊന്നല്‍ നല്‍കുന്ന ബജറ്റാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്നാണ് സൂചന. സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റായതിനാല്‍ അയവ് വരുത്തയായിരിക്കും ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനം.

Content Highlights: No announcements related to Covid vaccination in budget, says Thomas Isaac