ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് ബഡായി ബജറ്റാണെന്ന് രമേശ് ചെന്നിത്തല. സർക്കാർ കടമെടുത്ത് കേരളത്തെ മുടിക്കുകയാണെന്നും ബജറ്റ് പ്രസംഗത്തിന് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കാർഷിക മേഖലയിൽ റബ്ബർ കർഷകർക്കായുള്ള പ്രഖ്യാപനം കർഷകരെ അപമാനിക്കുന്നതിന് തുല്യമാണ്. യുഡിഎഫ് കാലത്ത് 150 രൂപയായിരുന്ന റബ്ബറിൻ്റെ താങ്ങുവില അഞ്ച് വർഷങ്ങൾക്ക് ശേഷം 20 രൂപയാണ് വർധിപ്പിച്ചത്. കാത്തിരുന്ന റബ്ബർ കർഷകരെ അപമാനിക്കുന്നതിന് തുല്യമാണിത്. വീടുകളിൽ ലാപ്പ്ടോപ്പ് പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ളതാണ്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും വെറുതെയായി. 5000 കോടിയുടെ ഇടുക്കി പാക്കേജ്, 34000 കോടിയുടെ കുട്ടനാട് പാക്കേജ്, 2000 കോടിയുടെ വയനാട് പാക്കേജ്. എല്ലാം പാഴ്വാക്കായി. അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് ഇന്ത്യയിൽ 21 ആം സ്ഥാനത്തുണ്ടായിരുന്ന കേരളം ഇപ്പോൾ 28 ആം സ്ഥാനത്താണ്. ഇത് പത്തിലേക്ക് എത്തിക്കുമെന്നാണ് പ്രഖ്യാപനം. ഇത് ആര് വിശ്വസിക്കാനാണ്. മുഖ്യമന്ത്രിയുടെ നൂറിന പദ്ധതികൾ എവിടെ. മുൻ ബജറ്റിലെ പ്രഖ്യാപനങ്ങൾ നോക്കാതെയാണ് പുതിയ പ്രഖ്യാപനങ്ങൾ നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു. ഐസക്കിൻ്റെ ബജറ്റുകളിലെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങൾ നടപ്പാക്കിയിരുന്നെങ്കില്‍ കേരളത്തിലെ തൊഴിലില്ലായ്മയ്ക്ക് എന്നേ പരിഹാരമായേനെ. മല എലിയെ പ്രസവിച്ചു എന്ന് പറയുന്നത് പോലെയാണ് ഐസക് കൊണ്ടുവന്ന ബജറ്റെന്നും ചെന്നിത്തല പറഞ്ഞു.
content highlights: Ramesh Chennithala on Kerala Budget 2021-22