അർണബ് ഗോസ്വാമിയും ബാർക് മുൻ സി.ഇ.ഒയും തമ്മിലുള്ള ചാറ്റ് പുറത്തായി; വിവാദത്തിന്‌ തുടക്കം

TRP scam: Prashant Bhushan shares screenshots of WhatsApp chat between Arnab Goswami and ex-BARC CEO

റിപ്പബ്ലിക്ക് ചാനൽ മേധാവി അർണാബ് ഗോസ്വാമിയും ബാർക് മുൻ സിഇഒ പാർഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വെെറലാകുന്നു. ടിആർപി തട്ടിപ്പ് കേസിൽ അന്വേഷണം നടത്തുന്നതിനിടെയാണ് ചാറ്റ് പുറത്തുവന്നിരിക്കുന്നത്. 500 ലേറെ പേജുകളുള്ള വാട്സ്ആപ്പ് ചാറ്റാണ് പുറത്തുവന്നത്. അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് ശേഖരിച്ച തെളിവാണ് പുറത്തുവന്നതെന്ന പ്രചാരണമുണ്ടെങ്കിലും മുംബെെ പൊലീസ് ഈക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

പ്രധാനമന്ത്രിയുടെ ഓഫീസുമായും മറ്റ് ഭരണകക്ഷി അംഗങ്ങളുമായും അർണബിൻ്റെ അടുപ്പം വ്യക്തമാക്കുന്ന നിരവധി സംഭാഷണങ്ങൾ ചാറ്റിലുണ്ടെന്നാണ് റിപ്പോർട്ട്. എല്ലാ മന്ത്രിമാരും നമുക്കൊപ്പമുണ്ട്. എന്നാണ് ഒരു സംഭാഷണത്തിലൂടെ അർണബ് ബാർക് മുൻ സിഇഒയോട് പറയുന്നത്. എല്ലാ രാഷ്ട്രീയ നീക്കങ്ങളും മന്ത്രിമാരും അർണാബിനെതിരെ തിരിഞ്ഞുവെന്ന പാർഥോ ദാസിൻ്റെ മെസേജിനായിരുന്നു അർണാബിൻ്റെ മറുപടി.

 

ബാര്‍കിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞ വര്‍ഷം ട്രായ് മുന്നോട്ട് വെച്ച ചില നിര്‍ദേശങ്ങള്‍ തിരിച്ചടിയാകുമെന്നും സഹായിക്കണമെന്നും അര്‍ണാബിനോട് പാര്‍ഥോ ദാസ് ഗുപ്ത ആവശ്യപ്പെടുന്ന ഭാഗവും ചാറ്റിലുണ്ട്. ബാര്‍ക് അര്‍ണാബിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ചാറ്റില്‍ പറയുന്നുണ്ട്. എ.എസ് എന്നൊരൊൾ സഹായിക്കുമെന്നും കാര്യങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തുമെന്നും ചാറ്റിൽ പറയുന്നുണ്ട്. ഇത് അമിത്ഷായെ ഉദ്ദേശിച്ചാണെന്നും ആരോപണമുണ്ട്. എ.എസ് ആരാണെന്ന ചോദ്യത്തോടെയാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചിരിക്കുന്നത്. രാജ്യത്തെ ഏത് നിയമവ്യവസ്ഥ പ്രകാരവും അര്‍ണാബ് ഏറെക്കാലം ജയിലില്‍ കിടക്കേണ്ടി വരുമെന്നും പ്രശാന്ത് ഭൂഷണ്‍ പറയുന്നു.

 

മറ്റൊരു ചാറ്റില്‍ ടിആര്‍പി അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സഹായം ആവശ്യപ്പെടുന്നതിനായി ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറിനെ കാണുമെന്ന് അര്‍ണാബ് സൂചിപ്പിക്കുന്നുണ്ട്. 2019 ജൂലൈയില്‍ ആരംഭിച്ച് അതേ വര്‍ഷം ഒക്ടോബര്‍ വരെയുള്ള ചാറ്റുകളാണ് പുറത്തുവന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര മന്ത്രിമാർ, ബിജെപി നേതാക്കൾ എന്നിവരുമായുള്ള അർണാബിൻ്റെ ബന്ധവും ചാറ്റുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. കൂടാതെ മറ്റ് ചാനലുകളിലെ മാധ്യമപ്രവർത്തകരെ വളരെ മോശം ഭാഷ ഉപയോഗിച്ച് അർണാബ് സംസാരിക്കുന്നതും ചാറ്റുകളിൽ നിന്ന് വ്യക്തമാണ്. 

content highlights: TRP scam: Prashant Bhushan shares screenshots of WhatsApp chat between Arnab Goswami and ex-BARC CEO