തിരുവനന്തപുരം: റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. വിവാദമായിരിക്കുന്ന ലീക്കായ വാട്‌സ് ആപ്പ് ചാറ്റില്‍ മൂന്ന് അപലപനീയമായ കാര്യങ്ങളുണ്ടെന്ന് തരൂര്‍ പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
രാജ്യസുരക്ഷ സംബന്ധമായ കാര്യങ്ങള്‍ ഒരു സ്വകാര്യ ചാനലിന് വെളിപ്പെടുത്തുന്നത് അപലപനീയമാണെന്ന് തരൂര്‍ പ്രതികരിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തമായ അന്വേഷണം നടത്തണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തിന് കൂടി പൊതു താല്‍പ്പര്യ ഹര്‍ജിയുമായി ജനങ്ങള്‍ സുപ്രീംകോടതിയില്‍ പോകേണ്ടി വരുമോയെന്നും ശശി തരൂര്‍ ചോദിച്ചു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ഇപ്പോള്‍ വിവാദമായിരിക്കുന്ന ലീക്കായ വാട്ട്‌സപ്പ് ചാറ്റുകള്‍ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്: (1) രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങള്‍ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങള്‍ക്ക് വേണ്ടി വെളിപ്പെടുത്തുക എന്നത്; (2) ‘രാജ്യസ്‌നേഹി’യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ നമ്മുടെ 40 പട്ടാളക്കാരുടെ മരണം ‘നമ്മള്‍ വിജയിച്ചു’ എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത്; (3) TRPയുടെ വഞ്ചനാപരമായ കൃത്രിമത്വം.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെങ്കില്‍ (ഈ വിഷയത്തിലടങ്ങിയ സങ്കീര്‍ണ്ണമായ ചതിയുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ഇതിനെതിരെ അന്വേഷണം നടത്തുന്നില്ലെന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും) പിന്നെ ആരാണ് അന്വേഷണം നടത്തുക? ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?
Content Highlight: Shashi Tharoor MP on Arnab Goswami’s WhatsApp chat leakage