റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി: ഡല്‍ഹി പൊലീസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂ ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ട്രാക്ടര്‍ രാലി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ജെയിന്റ് കമ്മീഷണര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. റിപ്പബ്ലിക് ദിന പരേഡിന് തടസ്സം സൃഷ്ടിക്കാത്ത തരത്തില്‍ ഹരിയാന അതിര്‍ത്തിയില്‍ റാലി സംഘടിപ്പിക്കാനായിരുന്നു കര്‍ഷക സംഘടനകളുടെ തീരുമാനം. വനിതകളെ അണിനിരത്തിയുള്ള രാജ്യ വ്യാപക പ്രതിഷേധവും റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡും നടത്തുവാനാണ് കര്‍ഷകരുടെ തീരുമാനം.

കാര്‍ഷിക നിയമങ്ങളുമായ ബന്ധപ്പെട്ട ഹര്‍ജികളില്‍ഇടക്കാല ഉത്തരവിറക്കിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ടെ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിക്കുന്നത്. സൈനികര്‍ക്കൊപ്പം റിപ്പബ്ലിക് ദിനം ആഘോഷിക്കുമെന്ന് നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രാക്ടര്‍ പരേഡ് നല്‍കാന്‍ കര്‍ഷക സംഘടനകള്‍ക്ക് അനുവാദം നല്‍കരുതെന്ന ഡല്‍ഹി പൊലീസിന്റെ ഹര്‍ജിയില്‍ നേരത്തെ സുപ്രീംകോടതി കര്‍ഷക സംഘടനകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

നേരത്തെ റിപ്പബ്ലിക് ദിന പരേഡിനിടെ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നെങ്കിലും നിയമങ്ങള്‍ താല്‍കാലികമായി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ പരേഡ് തടസ്സപ്പെടുത്താതെ റാലി നടത്താന്‍ കര്‍ഷക സംഘടനകള്‍ ആലോചിക്കുകയായിരുന്നു. അതേസമയം, കര്‍ഷക പ്രക്ഷോഭം തുടര്‍ച്ചയായ 55-ാം ദിവസത്തിലെത്തി. കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പത്താംവട്ട ചര്‍ച്ച നാളെ നടക്കും.

Content Highlight: Supreme Court will hear Delhi Police’s plea on Tractor Rally today