ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖർ ഉൾപ്പെട്ട കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. മുൻ ചെർമാനായിരുന്ന ആർ ചന്ദ്രശേഖർ, എം.ഡി കെ.എ രതീഷ്, കരാറുകാരൻ ജെയിം മോൻ ജോസഫ് എന്നിവർക്കെതിരെയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വഞ്ചന ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. അതേസമയം അഴിമതി നിരോധന വകുപ്പ് ഒഴിവാക്കി.
നേരത്തെ തെളിവുകൾ ഒന്നൊന്നായി നിരത്തിയിട്ടും ആർ ചന്ദ്രശേഖരൻ അടക്കമുള്ളവരെ പ്രോസിക്യൂഷൻ നടപടികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നില്ല. അതിനാലാണ് അഴിമതി നിരോധന വകുപ്പ് ഒഴിവാക്കിയത്. കശുവണ്ടി കോർപ്പറേഷനിലെ അഴിമതിയിൽ കൊല്ലം സ്വദേശി കടകംപള്ളി മനോജ് നൽകിയ പരാതിയിലാണ് ഹെെക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കോർപറേഷനിൽ 500 കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം.
കേസില്‍ മൂന്ന് പ്രതികളെ പ്രോസിക്യൂഷന് അനുമതി നിഷേധിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനാണ് ഇപ്പോള്‍ സിബിഐ തടയിട്ടിരിക്കുന്നത്. പിസി ആക്ട് പ്രകാരമാണ് സര്‍ക്കാരിന്റെ അനുമതി പ്രോസിക്യൂഷന് വേണ്ടത്. എന്നാല്‍ ഐപിസി പ്രകാരം അത്തരം ഒരനുമതിയുടെ ആവശ്യമില്ല. ആ സാധ്യതയാണ് സിബിഐ ഉപയോഗപ്പെടുത്തിയത്.
content highlights: Cashew Corporation scam, CBI submits charge sheet