വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്കാ സഭാ മേലധ്യക്ഷൻമാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സിബിസിഐ തലവനും ബോംബെ ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ഈക്കാര്യത്തിൽ അനുഭാവപൂർവ്വം നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നെന്നും സൗഹാര്‍ദ്ദപരമായി മുന്നോട്ടുപോകാന്‍ സഹായിക്കുന്ന ചര്‍ച്ചകളാണ് നടന്നതെന്നും സഭാധ്യക്ഷന്‍മാര്‍ വ്യക്തമാക്കി.
കൊവിഡിനെതിരായി 152 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തിയതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിൽ സഭകളുടെ താത്പര്യങ്ങള്‍ ഹനിക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ഫാദര്‍ സ്റ്റാന്‍ സാമിയുടെ മോചനം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സർക്കാരിൻ്റെ ശ്രദ്ധ പതിയേണ്ട ചില വിഷയങ്ങളിൽ രേഖമൂലം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിൽ പ്രധാനമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും ഇവർ വ്യക്തമാക്കി.
content highlights: Catholic Church leaders held talks with the Prime Minister