കര്‍ഷക സമരം: സുപ്രീംകോടതി നിയോഗിച്ച നാലംഗ വിദഗ്ധ സമിതി യോഗം ഇന്ന്

Protesting farmers

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് തലസ്ഥാന അതിര്‍ത്തിയില്‍ സമരം തുടരുന്ന കര്‍ഷകരുടെ വിഷയം പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച നാലംഗ വിദഗ്ധ സമിതി ഇന്ന് യോഗം ചേരും. രണ്ടു മാസത്തിനകം സാഹചര്യം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. സമിതിയുടെ ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്.

മഹാരാഷ്ട്രയിലെ കര്‍ഷക നേതാവ് അനില്‍ ഖനാവത്ത്, വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാര്‍ ജോഷി, ഭൂപീന്ദര്‍ സിങ്മാന്‍ എന്നിവരടങ്ങുന്നതായിരുന്നു സുപ്രീംകോടതി നിയോഗിച്ച സമിതി. എന്നാല്‍, ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റായ ഭുപീന്ദര്‍ നേരത്തെ നിയമ ഭേദഗതിയെ അനുകൂലിച്ച് നിലപാടെടുത്തിരുന്ന ആളാണ്. അതിനാല്‍ തന്നെ അദ്ദേഹം സമിതിയില്‍ നിന്ന് പിന്മാറി. കര്‍ഷകരുടെയും പൊതു സമൂഹത്തിന്റെയും വികാരം കണക്കിലെടുത്താണ് പിന്മാറ്റമെന്ന് ഭുപീന്ദര്‍ പറഞ്ഞു.

അതേസമയം, 53 ദിവസം പിന്നിട്ടിട്ടും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല. കാര്‍ഷിക സമരം പിന്‍വലിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. കര്‍ഷകരുമായുള്ള കേന്ദ്രത്തിന്റെ പത്താംവട്ട ചര്‍ച്ച നാളെ നടക്കും.

Content Highlight: Panel appointed by Supreme Court on Farm laws meet today