‘ഒപ്പം നിന്ന് പ്രവര്‍ത്തിക്കും’, ബൈഡന് ആശംസ നേര്‍ന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: 46-ാമത് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ആശംസകള്‍ അറിയിച്ചത്. ഇന്നലെയാണ് ബൈഡന്‍ ഭരണകൂടം അധികാരമേറ്റത്.

അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങള്‍. ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ആഗോള സമാധാനവും, സുരക്ഷയും മുന്നോട്ട് കൊണ്ടു പോകുന്നതിലും, പൊതുവായ വെല്ലുവിളികള്‍ നേരിടുന്നതിലും, ഐക്യത്തോടെയും ഊര്‍ജ്ജസ്വലതയോടെയും നമ്മള്‍ നിലകൊള്ളുമ്പോള്‍, അമേരിക്കയെ നയിക്കുന്നതില്‍ വിജയകരായ ഒരു പദത്തിന് ആശംസകള്‍ നേരുന്നു, എന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ദൃഢതയാര്‍ന്നതും ബഹുമുഖവുമായ ഒരു ഉഭയകക്ഷി അജണ്ട നമുക്കുണ്ടെന്നും വളര്‍ന്നുവരുന്ന സാമ്പത്തിക ഇടപെടലുകളും, ജനങ്ങള്‍ തമ്മില്‍ പരസ്പരമുള്ള ഊര്‍ജ്ജസ്വലമായ ബന്ധവും ഇരു രാജ്യങ്ങളും തമ്മിലുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു. ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കാന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞബദ്ധനാണെന്നും മോദി പറഞ്ഞു.

Content Highlight: Narendra Modi congratulates Joe Biden