മദ്യവില വര്‍ധിപ്പിച്ചതില്‍ 200 കോടിയുടെ അഴിമതി ആരോപിച്ച് രമേശ് ചെന്നിത്തല; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു

ramesh chennithala against media survey

സംസ്ഥാനത്തെ മദ്യവില വര്‍ധനയില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 200 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തും നല്‍കി. മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, ബെവ്‌കോ എം.ഡി എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്.

ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില വര്‍ദ്ധിപ്പിച്ചത് അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു.  ഇതിന്റെ തുടർച്ചയായാണ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. മദ്യം നിര്‍മിക്കുന്നതിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ധന ചൂണ്ടിക്കാട്ടിയാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഏഴ് ശതമാനമാണ് വില വര്‍ധിപ്പിച്ചത്. ഇത് ഒരു പ്രത്യേക കമ്പനിയെ സഹായിക്കാന്‍ വേണ്ടിയാണ്. അവര്‍ക്ക് 200 കോടിയിലധികം രൂപയുടെ ലാഭമുണ്ടാക്കി കൊടുക്കാന്‍ വേണ്ടിയുള്ളതായിരുന്നു സര്‍ക്കാര്‍ നടപടിയെന്നുമാണ് ചെന്നിത്തലയുടെ ആരോപണം

എക്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില ഉയര്‍ന്ന സാഹചര്യത്തില്‍പോലും മുമ്പ് നാല് ശതമാനം മാത്രമാണ് മദ്യവിലയില്‍ വര്‍ധനയുണ്ടായത്. ഈ സര്‍ക്കാര്‍ വന്നശേഷം രണ്ട് തവണ എക്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ധന ചൂണ്ടിക്കാട്ടി മദ്യത്തിന്റെ വില വര്‍ധിപ്പിച്ചിരുന്നു. ഇത് മദ്യകമ്പനികളെ സഹായിക്കാനാണെന്നാണ് ചെന്നിത്തല പറയുന്നത്. 

content highlights: Ramesh Chennithala demands vigilance probe in Liquor hike