സോളാര്‍ പീഡനക്കേസ്; അന്വേഷണം സിബിഐക്ക് വിട്ടു

the solar case against Oommen Chandy and others have been handed over to CBI

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ടു. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരെയുള്ള പരാതിയിലാണ് സിബിഐ അന്വേഷണം.

കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ജനുവരി 20ന് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തു വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്. സര്‍ക്കാരിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് അയയ്ക്കും.

2018 ഒക്ടോബറിലാണ് ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. തുടര്‍ന്ന് മുന്‍ മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവര്‍ക്കെതിരെയും പീഡനക്കേസ് ചുമത്തി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു മൊഴി.

നേരത്തെ തന്നെ സര്‍ക്കാര്‍ ഏജന്‍സികളുടെയും ജുഡീഷ്യല്‍ അന്വേഷണത്തിനും വിധേയമായതാണ് സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന ലൈംഗിക പീഡന പരാതികള്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇപ്പോഴത്തെ നിര്‍ണായകമായ നീക്കം നടത്തുന്നത്.

content highlights: the solar case against Oommen Chandy and others have been handed over to CBI