റിപ്പബ്ലിക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടർ റാലി ഡൽഹിയിൽ പ്രവേശിച്ചു. റിപ്പബ്ലിക് ഡേ പരേഡിന് പിന്നാലെ 12 മണിയോടെയാകും ട്രാക്ടർ പരേഡ് തുടങ്ങുക എന്നറിയിച്ചിരുന്നെങ്കിലും സിംഘു അതിർത്തിയിൽ നിന്നുൾപ്പെടെ ട്രാക്ടർ റാലി ആരംഭിച്ചുകഴിഞ്ഞു. നൂറുകണക്കിന് ട്രാക്ടറുകളിലായാണ് കർഷകർ മാർച്ച് നടത്തുന്നത്.
മാർച്ച് തടയാനായി പൊലീസ് സിംഘു അതിർത്തിയിൽ സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്താണ് കർഷകർ ഡൽഹിയിൽ പ്രവേശിപ്പിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലി. തലസ്ഥാന നഗരിയെ വലയം വെക്കുംവിധം 100 കിലോമീറ്റർ ദൂരത്തിൽ ഡൽഹി ഔട്ടർ റിംഗ് റോഡിൽ റാലി സംഘടിപ്പിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. റാലിയുടെ ഭാഗമായി പൊലീസിനൊപ്പം ഏകോപനത്തിന് 2500-ൽ അധികം വോളണ്ടിയർമാരെ കർഷകർ തന്നെ നിയോഗിച്ചിട്ടുണ്ട്.
content highlights: Farmers break police barricades at Delhi borders ahead of tractor rally