തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫ് ചോരുന്ന യോഗത്തില്‍ നിന്ന് വിട്ടു നിന്ന് മാണി സി കാപ്പന്‍. പാലാ സീറ്റിനെ ചൊല്ലി മുന്നണിക്കുള്ളില്‍ അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് കാപ്പന്റെ വിട്ടു നില്‍ക്കല്‍. എന്‍സിപി ദേശീയധ്യക്ഷന്‍ ശരദ് പവാറുമായി സംസാരിച്ച ശേഷമേ എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കൂവെന്ന് മാണി സി കാപ്പന്‍ അറിയിച്ചു.
ഇന്നത്തെ യോഗത്തില്‍ സീറ്റ് വിഭജനം ചര്‍ച്ചയാകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ നേരത്തെ അറിയിച്ചിരുന്നു. എങ്കിലും പാലാ സീറ്റിനെ കുറിച്ചുള്ള ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്ന് എന്‍സിപി ആവശ്യപ്പെടാനാണ് സാധ്യത. എന്‍സിപി നേതാക്കളായ ടി പി പീതാംപരനും, മന്ത്രി എ കെ ശശീന്ദ്രനും ഇന്ന് യോഗത്തില്‍ പങ്കെടുക്കും.
അതേസമയം, വിജയിച്ച ഒരു സീറ്റും വിട്ടു കൊടുത്തിട്ട് മുന്നണിയുമായി സമവായം വേണ്ടെന്നായിരുന്നു എന്‍സിപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ഒന്നാം തിയതി ഡല്‍ഹിയിലെത്തുന്ന ശരദ് പവാറും പ്രഭുല്‍ പട്ടേലുമായും കേരളത്തിലെ എന്‍സിപി നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തും. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ ചേര്‍ന്നതിന് പിന്നാലെയാണ് പാലാ സീറ്റ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തി പ്രാപിച്ചത്. എന്നാല്‍ സീറ്റ് വിഷയത്തില്‍ യാതൊരു അവകാശ വാദവും ഉന്നയിച്ചിട്ടില്ലെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ മറുപടി.
Content Highlight: Mani C Kappan will not attend LDF Meeting