മാണി. സി. കാപ്പൻ എൽഡിഎഫ് വിട്ടു, ഇനി യുഡിഎഫിനൊപ്പം: പാലായില്‍ മത്സരിക്കും

എല്‍ഡിഎഫ് ബന്ധം വിട്ടെന്ന് മാണി സി കാപ്പന്‍. ഘടക കക്ഷിയായി യു.ഡി.എഫിന്റെ ഭാഗമാകുമെന്നും കാപ്പന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും. പാലായിൽ നാളെ കരുത്ത് തെളിയിക്കുമെന്നും മാണി.സി. കാപ്പൻ പറഞ്ഞു. തന്നോടൊപ്പമുള്ള എൻസിപി നേതാക്കളും യുഡിഎഫിൽ ചേരും. ഒൻപത് സംസ്ഥാന ഭാരവാഹികൾ, അഖിലേന്ത്യാ സെക്രട്ടറി, ഏഴ് ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവർ തന്റെ കൂടെ ഉണ്ടാകും. പാലായിലെ എൽഡിഎഫ് പ്രവർത്തകരുടെ പിന്തുണയും തനിക്കാണെന്നും മാണി. സി. കാപ്പൻ പറഞ്ഞു.

പാലായില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി യു.ഡി.എഫ്. ഘടകകക്ഷിയായി പ്രതീക്ഷിക്കാമെന്നും കാപ്പന് മാധ്യമങ്ങളോട് പറഞ്ഞു. ശരദ് പവാറും പ്രഫുൽ പട്ടേലും ചർച്ച നടത്തിയിട്ടില്ല. ചർച്ച നടത്തിയ ശേഷം ഇന്ന് വൈകിട്ടോടെ തീരുമാനം ഉണ്ടാകും. എൻസിപി കേന്ദ്ര നേതൃത്വം കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും മാണി. സി. കാപ്പൻ കൂട്ടിച്ചേർത്തു. 

10 ജില്ലാ കമ്മിറ്റികളുടെ പിന്തുണയുണ്ടെന്ന എകെ ശശീന്ദ്രന്റെ അവകാശവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എലത്തൂര്‍ ജില്ലയായി കൂട്ടിയിട്ടുണ്ടെങ്കില്‍ പുള്ളിയോട് എന്നാ പറയാനാ എന്നായിരുന്നു കാപ്പന്റെ മറുപടി. ടി.പി. പീതാംബരന്‍ ഒപ്പം പോരുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നും കാപ്പന്‍ മറുപടി നല്‍കി. എല്‍.ഡി.എഫ്. തന്നോട് നീതികേട് കാണിച്ചെന്നും അദ്ദേഹം പറഞ്ഞു. പാലായിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മികച്ച പിന്തുണയാണ് നല്‍കിയതെന്നും കാപ്പന്‍ പറഞ്ഞു.

content highlights: Mani C Kappan quit LDF