ഗാല്‍വനില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടതായി ഒടുവില്‍ സമ്മതിച്ച് ചൈന. സൈനികര്‍ക്ക് മരണാനന്തര ബഹുമതികള്‍ നല്‍കിയതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാല്‍വനിലെ പോരാട്ടത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ചൈനീസ് സൈന്യത്തില്‍ 40ലധികം പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ചൈന അതിനോട് പ്രതികരിച്ചിരുന്നില്ല.
2020 ജൂണിലാണ് ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും ഏറ്റുമുട്ടിയത്. വെടിനിര്‍ത്തല്‍ കരാറുള്ളതിനാല്‍ കുന്തവും വടിയും കല്ലും ഉപയോഗിച്ചാണ് ഗാല്‍വാന്‍ അതിര്‍ത്തിയില്‍ വെച്ച് ചൈനീസ് സേന ഇന്ത്യന്‍ സേനയെ അന്നാക്രമിച്ചത്. ചെന്‍ ഹോങ്ജുന്‍, ചെന്‍ ഷിയാങ്റോങ്, ഷിയാവോ സിയുവാന്‍, വാങ് ഴുവോറന്‍ എന്നിവര്‍ വിദേശ സൈനികരുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാലുപേരിലൊരാളായ ചെന്നിന് മരണാനന്തര ബഹുമതിയായ ”ഗാര്‍ഡിയന്‍ ഓഫ് ഫ്രോണ്ടിയര്‍ ഹീറോ” എന്ന പദവി നല്‍കി ചൈന ആദരിച്ചു. മറ്റ് മൂന്ന് പേര്‍ക്കും ഫസ്റ്റ് മെറിറ്റ് ഫലകവും നല്‍കി. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നാല് പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും മോശം സംഭവമായാണ് ഗാല്‍വാന്‍ താഴ്‌വരയിലെ ഏറ്റുമുട്ടലിനെ വിശേഷിപ്പിക്കുന്നത്
content highlights: China reveals 4 soldiers killed in June 2020 border clash with India