ആഴക്കടല്‍മത്സ്യബന്ധന കരാര്‍വ്യവസ്ഥ മുഖ്യമന്ത്രി മറച്ചുവെക്കുന്നു; ആരോപണത്തില്‍ ഉറച്ച് രമേശ് ചെന്നിത്തല

Ramesh Chennithala

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വ്യവസ്ഥ മുഖ്യമന്ത്രി മറച്ച് വെക്കുന്നതായും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ന്യൂയോര്‍ക്കില്‍ മന്ത്രിയുമായി ഇഎംസിസി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട രണ്ട് രേഖകള്‍കൂടി ചെന്നിത്തല പുറത്തുവിട്ടു. ഇഎംസിസി അസന്റില്‍വെച്ച് ഒപ്പുവച്ച ധാരണാ പത്രവും നാല് ഏക്കര്‍ സ്ഥലം അനുവദിച്ച് നല്‍കിയതിന്റെ രേഖയുമാണ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്. കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കില്‍ ഭൂമി അനുവദിച്ച നടപടിയും ധാരണാപത്രവും റദ്ദാക്കാനും മുഖ്യമന്ത്രിയെ ചെന്നിത്തല വെല്ലുവിളിച്ചു.

നടക്കില്ലെന്ന് പറഞ്ഞ് മേഴ്‌സികുട്ടിയമ്മ ഓടിച്ചുവിട്ട കമ്പനിയെ ഓടിച്ചെന്ന് ജയരാജന്‍ പിടിച്ചുകൊണ്ട് വന്ന് പദ്ധതി നടപ്പാക്കാന്‍ സ്ഥലം കൊടുത്തു. മന്ത്രിയുടെ വകുപ്പ് യാനങ്ങള്‍ നിര്‍മ്മിക്കാനുള്ള കരാറില്‍ ഒപ്പിട്ടതായും ചെന്നിത്തല പറഞ്ഞു. എല്ലാം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്നും ചെന്നിത്തല ചോദിച്ചു. സര്‍ക്കാര്‍ പലതും മൂടിവെക്കുകയാണ്. മൂന്ന് വര്‍ഷത്തെ ചര്‍ച്ചക്ക് ശേഷമാണ് കരാര്‍ ഒപ്പുവച്ചത്. കമ്പനി അധികൃതര്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ കണ്ടു. ഫിഷറീസ് നയത്തിന് വിരുദ്ധമാണെങ്കില്‍ എന്തിന് അസന്റില്‍ വെച്ച് ധാരണാ പത്രം ഒപ്പുവെച്ചു? സര്‍ക്കാരിന് ദുരുദ്ദേശമില്ലെങ്കില്‍ ധാരണാ പത്രം റദ്ദാക്കുമോ?. അദ്ദേഹം ചോദിച്ചു. 

താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ മറുപടികളാണ് പറയുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ആദ്യം താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ ഏത് കമ്പനി എന്ത് കമ്പനി എന്നൊക്കെയാണ് മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചത്. ഇഎംസിസിയുടെ കണ്‍സെപ്റ്റ് നോട്ടിലും വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് കൊടുത്ത കത്തിലും അനുബന്ധ രേഖകളിലുമെല്ലാം തങ്ങള്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ വെളിച്ചത്തിലാണ് വന്നതെന്നും ക്ഷണിച്ചിട്ടാണ് വന്നതെന്നും കമ്പനി പറയുന്നുണ്ട്. പിന്നീട് ഫോട്ടോ പുറത്തുവന്നപ്പോള്‍ കമ്പനി പ്രതിനിധികള്‍ വന്നിരുന്നെന്നും ചര്‍ച്ച ചെയ്തതെന്താണെന്ന് ഓര്‍മ്മയില്ലെന്നുമായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ ആദ്യ പ്രതികരണം. തന്നെ ധാരാളം ആളുകള്‍ ന്യൂയോര്‍ക്കില്‍ വച്ച് കണ്ടിരുന്നു. അതില്‍ അവരും ഉണ്ടാകാം എന്നായിരുന്നു മന്ത്രിയുടെ പിന്നീടുള്ള പ്രതികരണമെന്നും ചെന്നിത്തല പറഞ്ഞു.

content highlights: Ramesh chennithala press meet on Deep-sea fishing contract