‘ലൗ ജിഹാദി’നെതിരായ നിയമനിര്‍മ്മാണം പ്രകടന പത്രികയിലെ പ്രധാന അജണ്ടയാണെന്ന് കെ.സുരേന്ദ്രന്‍

BJP cannot be defeated in Nemam says K Surendran

നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹൗദിന് എതിരായ നിയമനിര്‍മാണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. സംസ്ഥാനം വികസനത്തില്‍ കുതിച്ചുചാട്ടം നടത്തിയെന്ന മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും അവകാശ വാദത്തെയും കെ. സുരേന്ദ്രന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പരിഹരിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട സര്‍ക്കാര്‍ ആണിത്. നിക്ഷേപ സൗഹാര്‍ദ്ദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നതായിരുന്നു സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശ വാദം. വ്യവസായ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നായിരുന്നു മറ്റൊരു അവകാശ വാദം. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം പ്രധാനപ്പെട്ട ഒരു സംരംഭകനും കേരളത്തില്‍ നിക്ഷേപം നടത്തിയിട്ടില്ല. വ്യവസായികള്‍ ആരും കേരളത്തെ പരിഗണിക്കുന്നുമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ വന്‍ തകര്‍ച്ചയാണ് ഉള്ളത്. ദില്ലിയിലേക്ക് ട്രാക്ടര്‍ ഓടിക്കാന്‍ ആളെ വിടുന്ന പിണറായി കേരളത്തില്‍ സംഭരണവിലയും താങ്ങുവിലയും നല്‍കുന്നില്ലെന്നും സര്‍ക്കാര്‍ നെല്‍കര്‍ഷകരെ ദുരിതത്തിലാക്കിയെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. വാഗ്ദാന ലംഘനങ്ങളുടെ പെരുമഴയാണ് ഈ സര്‍ക്കാര്‍ ഉണ്ടാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാളയാര്‍ അമ്മയ്ക്ക് തല മുണ്ഡനം ചെയ്യേണ്ടി വരുന്നത് സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷ എന്ന വാഗ്ദാനം നടപ്പായില്ല എന്നതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം എന്‍ഡിഎയുടെ ഭാഗമായിരുന്ന എല്ലാ ഘടകകക്ഷികളെയും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.

content highlights: K Surendran press meet at Palakkad