മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ബിജെപി. ഏപ്രില്‍ 6ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ രാഹുലിനെ തടയണമെന്ന് ബിജെപി തമിഴ്നാട് യൂണിറ്റ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മാര്‍ച്ച് ഒന്നിന് കന്യാകുമാരി ജില്ലയിലെ മുളഗമുഡുവിലെ സെന്റ് ജോസഫ് മെട്രിക് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രചാരണത്തെ അടിസ്ഥാനമാക്കിയാണ് ബിജെപിയുടെ പരാതി.
യുവാക്കളെ മറ്റൊരു സ്വാതന്ത്ര്യസമരത്തിലേക്ക് പ്രേരിപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലീസിനോട് നിര്‍ദ്ദേശിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. രാജ്യത്ത് ഇപ്പോഴുള്ളത് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പുള്ള സാഹചര്യമാണെന്ന് രാഹുല്‍ ഗാന്ധി അവിടെ പ്രസംഗിച്ചിരുന്നതായും ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള തെരഞ്ഞെടുപ്പ് ബന്ധ സമിതി വി ബാലചന്ദ്രന് ആരോപിച്ചു. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സത്യബ്രത സാഹുവിന് വ്യാഴാഴ്ച സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍, വിദ്യാഭ്യാസ സ്ഥാപനത്തിലെ ഗാന്ധിയുടെ രാഷ്ട്രീയ പ്രചാരണം മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് ഭരണകാലത്തെ സ്വാതന്ത്ര്യത്തിനു മുമ്പുള്ള സാഹചര്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ താരതമ്യപ്പെടുത്തുന്നു. വിദ്വേഷമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് യുവാക്കളെ മറ്റൊരു സ്വാതന്ത്ര്യസമരത്തിന് പ്രേരിപ്പിച്ചത്. സര്‍ക്കാരിനോടുള്ള അനാദരവും ബിജെപി ചൂണ്ടികാട്ടി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ് രാഹുല്‍ ഗാന്ധി പ്രചാരണം നടത്തുന്നത്.
content highlights: BJP Tamil Nadu chief L Murugan seeks campaign ban on Rahul Gandhi for violating MCC