ലൗ ജിഹാദ് സംശയങ്ങൾ ദുരീകരിക്കപ്പെടണം; ജോസ് കെ മാണി

ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. ലൗ ജിഹാദ് വിഷയം സമൂഹത്തിനു മുന്നില്‍ ആവര്‍ത്തിച്ച് ഉയര്‍ന്നുവരികയാണ്. അത് പരിശോധിച്ച് വ്യക്തത വരുത്തണമെന്നും പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ ജോസ് ആവശ്യപ്പെട്ടു. ആദ്യമായാണ് എല്‍ഡിഎഫ് നേതാക്കളിലൊരാള്‍ ലൗ ജിഹാദ് വിഷയത്തില്‍ ഇത്തരമൊരു പ്രതികരണം നടത്തുന്നത്.

അങ്ങനെയൊരു ഇഷ്യൂ വന്നിട്ടുണ്ട്. വിഷയം പരിശോധിക്കണം. ആ വിഷയത്തില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് അഡ്രസ് ചെയ്യണം. ഇപ്പോള്‍ വീണ്ടും അങ്ങനെയുള്ള ഒരു ധാരണ ജന സമൂഹത്തിലേക്ക് വന്നിട്ടുണ്ടെങ്കില്‍ അത് എന്താണെന്ന് പഠിക്കട്ടേ? സഭ ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങളിലേക്ക് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഇടപെടാറില്ല. പക്ഷെ പൊതുസമൂഹത്തില്‍ ഇങ്ങനെയൊരു വിഷയം ഉയര്‍ന്നുവന്നപ്പോള്‍ അത് കൃത്യമായും വ്യക്തതയോടും കൂടി അത് ഇങ്ങനെയില്ല, അല്ലെങ്കില്‍ ഇങ്ങനെയുണ്ട് എന്ന് പറയാന്‍ വിഷയം പഠിക്കണമെന്നായിരുന്നു. ഹൈക്കോടതി പോലും ലൗ ജിഹാദ് ഇല്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞല്ലോ എന്ന ചോദ്യത്തിനുള്ള ജോസിന്റെ അഭിപ്രായം.

ലൗ ജിഹാദ് വിഷയം സിപിഎം പൂര്‍ണമായും തള്ളിക്കളഞ്ഞതാണല്ലോ എന്ന ചോദ്യത്തിന് ഇങ്ങനെയുള്ള കാര്യങ്ങള്‍ ആവര്‍ത്തിച്ച് വരുമ്പോള്‍ അങ്ങനെയൊരു സംശയം ദുരീകരിക്കേണ്ടതുണ്ട് എന്നായിരുന്നു ജോസ് കെ മാണിയുടെ മറുപടി.

content highlights: Jose K Mani on Love Jihad