ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വോട്ടർ പട്ടികയിൽ 4.34 ലക്ഷം ഇരട്ട വോട്ടർമാരുണ്ടെന്നും, സിപിഎം ചായ്വുള്ള ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നുമാണ് ചെന്നിത്തലയുടെ ആരോപണം. ഇരട്ട വോട്ട് മരവിപ്പിക്കുകയും ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് നിർദേശം നൽകണമെന്നുമാണ് ആവശ്യം.
സംസ്ഥാനത്ത് 38,586 ഇരട്ടവോട്ടുകള്‍ മാത്രമാണ് കണ്ടെത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്താനാകില്ലെന്നും കോടതിയെ അറിയിച്ചിരുന്നു. കള്ളവോട്ട് തടയാനുള്ള നാലിന നിര്‍ദ്ദേശങ്ങള്‍ രമേശ് ചെന്നിത്തല കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്.
80 വയസ്സിനു മുകളിലുള്ളവരുടെ പോസ്റ്റൽ വോട്ടുകൾ പ്രത്യേകം സൂക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥികൾ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേമം, വാമനപുരം, വൈപ്പിൻ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളായ കെ മുരളീധരൻ, ആനാട് ജയൻ, ദീപക് ജോയ് എന്നിവരാണ് കോടതിയെ സമീപിച്ചത്. പോസ്റ്റൽ വോട്ടിൽ തിരിമറി നടക്കാൻ സാധ്യത കൂടുതലാണെന്നും വിവിപാറ്റ് മെഷീനുകൾക്കൊപ്പം പോസ്റ്റൽ ബാലറ്റുകൾ കൂടി സുരക്ഷിതമായി സൂക്ഷിക്കണമെന്നുമാണ് ആവശ്യം.
content highlights: HC verdict on ramesh chennithala petition today