ഒ.ടി.ടി. ചിത്രങ്ങളില്‍ ഇനി അഭിനയിക്കരുത്; ഫഹദിന് ഫിയോക്കിന്റെ താക്കീത്

ഒ.ടി.ടി. ചിത്രങ്ങളില്‍ ഇനി അഭിനയിച്ചാല്‍ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്. ഫഹദ് നായകനായ ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. ലോക്ഡൗണ്‍ കാലത്തും പിന്നീടും മൂന്ന് ചിത്രങ്ങളാണ് ഫഹദിന്റേതായി ഒ.ടി.ടി. റിലീസിനെത്തിയത്. മഹേഷ് നാരായണ്‍ സംവിധാനം ചെയ്ത സീ യൂ സൂണ്‍, നസീഫ് യൂസഫ് ഇയ്യുദീന്റെ ഇരുള്‍, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി എന്നിവയായിരുന്നു ചിത്രങ്ങള്‍.

ഒടിടി റിലീസുകളോട് സഹകരിച്ചാൽ മാലിക് ഉൾപ്പടെയുള്ള ഫഹദ് ചിത്രങ്ങൾ തീയറ്ററുകളിൽ പ്രദർശിപ്പിക്കുവാൻ തയ്യാറാകില്ലെന്നാണ് ഫിയോക് ഫഹദ് ഫാസിലിനെ അറിയിച്ചിരിക്കുന്നത്. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്.

ഫഹദ് ഫാസിലുമായി നടന്‍ ദിലീപും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ചിരുന്നു. സംഘടനയുടെ തീരുമാനം അറിയിക്കുകയും ഒരു തീരുമാനത്തില്‍ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഫഹദിന്റെ തീരുമാനം എന്താണെന്നുള്ള വിവരം പുറത്ത് വന്നിട്ടില്ല. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ട എന്നും സമിതി തീരുമാനിച്ചു.

Content Highlights: Fahadh Faasil gets warning from Feuok