സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് തടഞ്ഞതിന് യുവാവിനെ ജെസിബി കൊണ്ട് അടിച്ചു കൊന്നു. ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് അക്രമി സംഘം യുവാവിനെ കൊലപ്പെടുത്തിയത്. തിരുവനന്തപുരം കാഞ്ഞിരവിള സ്വദേശി സംഗീതാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം നടക്കുന്നത്. സ്ഥലത്തെ മണ്ണെടുപ്പ് തടഞ്ഞതിനെ തുടർന്നാണ് ആക്രമണകാരികൾ സംഗീതിനെ കൊലപ്പെടുത്തിയത്. നേരത്തെ അനുമതിയോടു കൂടി സംഗീതിന്റെ ഭൂമിയിൽനിന്നു ഇവർ മണ്ണെടുത്തിരുന്നു. എന്നാൽ ഈ തവണ അനുവാദമില്ലാതെ വീണ്ടും മണ്ണെടുക്കാൻ ശ്രമിച്ചതാണു കൊലപാതകത്തിൽ കലാശിച്ചത്.
മണ്ണ് എടുക്കുന്നതായി ഭാര്യ ഫോണിൽ അറിയിച്ചതിനെ തുടർന്ന് കോഴിക്കട നടത്തുന്ന സംഗീത് രാത്രി 11 മണിയോടെ വീട്ടിൽ എത്തുകയും ഇരുവിഭാഗങ്ങളും തമ്മിൽ തർക്കം തുടങ്ങുകയുമായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ച് അക്രമി സംഘം സംഗീതിനെ കൊലപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെയായിരുന്നു മരണം.
ആക്രമിച്ചത് ഗുണ്ടകളാണെന്നു പ്രതികളെ തിരിച്ചറിയാമെന്നും ഉത്തമന്‍, സജു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നെന്നും സംഗിതിൻ്റെ ഭാര്യ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
content highlights: land owner who questioned illegal mining in his own property hit and killed by jcb








