കേന്ദ്ര സര്‍ക്കാരിൻറെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി ഡൽഹിയിൽ നടപ്പാക്കാത്തതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനം അമിത് ഷാ നടത്തുകയുണ്ടായി. നോർത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ബാബർപൂരിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ പ്രസ്താവന നടത്തിയത്.
“ഡല്‍ഹിയിൽ, ആരെങ്കിലും രോഗബാധിതനാകുകയും ആശുപത്രിയിൽ ചികിത്സ തേടാനുള്ള ചെലവ് വഹിക്കാനുള്ള കഴിവില്ലാതിരിക്കുകയും ചെയ്താൽ, മന്ദഗതിയിലുള്ള മരണം സംഭവിക്കുമെന്നാണ് കുടുംബങ്ങള്‍ വിശ്വസിക്കുന്നത്. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം മോദി ഏഴു കോടി ആളുകൾക്ക് താങ്ങാനാവുന്നതും സൗജന്യവുമായ ചികിത്സ ഉറപ്പാക്കുന്നുണ്ട്. എന്നാൽ ദേശീയ തലസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കാൻ കെജ്രിവാൾ സർക്കാർ വിസമ്മതിച്ചതിനാൽ ബാബർപൂരിലും ഡല്‍ഹിയിലെ മറ്റ് പ്രദേശങ്ങളിലും ജനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. ഇപ്പോൾ രോഗികളെ ചികിത്സിക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണ്. കോൺഗ്രസിന് 15 വർഷവും ആം ആദ്മി പാർട്ടിക്ക് അഞ്ച് വർഷവും നിങ്ങള്‍ അവസരം നൽകി. ഇനി ഞങ്ങള്‍ അധികാരത്തിൽ വന്നാൽ ഡല്‍ഹിയെ ലോകോത്തര നഗരമാക്കി മാറ്റുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. അത് സംഭവിച്ചില്ലെങ്കിൽ, നിങ്ങൾക്ക് വന്ന് എൻറെ ചെവിക്ക് പിടിക്കാം.” എന്നാണ് അമിത് ഷാ പറഞ്ഞത്.
ഫെബ്രുവരി എട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ടുചെയ്യാൻ ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആം ആദ്മി സർക്കാർ നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും നുണ പ്രചരിപ്പിച്ചതിന് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയും ചെയ്തു.
Content highlights: Amit Shah criticizes Arvind Kejriwal for not implementing AYUSHMAN Bharat health plan in Delhi