ട്രംപിൻ്റെ പശ്ചിമേഷ്യൻ സമാധാന പദ്ധതിയുമായി സഹകരിക്കില്ലെന്ന് പലസ്തീൻ ജനതയും അറബ് രാജ്യങ്ങളും

Trump's West Asian peace plan

ഏറെ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ പശ്ചിമേഷ്യൻ സമാധാന പദ്ധതിയുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സന്ദർശനത്തിനെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പമാണ് ട്രംപ് സമാധാന പദ്ധതി പ്രഖ്യാപിച്ചത്. പലസ്തീൻ രാഷ്ട്ര രൂപീകരണമാണ് ട്രംപ് മുന്നോട്ടുവച്ച നിർദ്ദേശങ്ങളിലൊന്ന്. ഇസ്രായേലിന്‍റെ തലസ്ഥാനമായി ജറുസലേം  തുടരുമെന്നും, കിഴക്കൻ ജറുസലേമിൽ പലസ്തീന് ഒരു തലസ്ഥാനമൊരുക്കുമെന്നുമാണ് ട്രംപിന്‍റെ പ്രഖ്യാപനം. എന്നാൽ അതെങ്ങനെയെന്ന് വ്യക്തമാക്കിയില്ല. ട്രംപിന്റെ ഈ പദ്ധതി തള്ളണമെന്ന് പലസ്തീൻ സംഘടനകൾ അന്തർദേശീയ സമൂഹത്തോട് ആവശ്യപ്പെട്ടു.

അടിയന്തര അറബ് ലീഗ് നേതൃയോഗം ശനിയാഴ്ച ചേർന്ന് ഭാവി നടപടികൾക്ക് രൂപം നൽകും. വൈറ്റ് ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന് ഒപ്പം നിന്നു കൊണ്ടുള്ള ട്രംപിൻ്റെ സമാധാന പദ്ധതി ശരിയായ ഗൂഢാലോചനയാണെന്ന് പലസ്തീൻ സംഘടനകൾ കുറ്റപ്പെടുത്തി. ഇത് പലസ്തീനുള്ള അവസാന അവസരമാണെന്നും, വെസ്റ്റ്ബാങ്കിലെ നിർമ്മാണ പ്രവർത്തനങ്ങൾ നാലു വർഷത്തേക്ക് നിർത്തി വെക്കണമെന്നും ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. പക്ഷേ വെസ്റ്റ് ബാങ്ക് കയ്യേറ്റങ്ങൾ അമേരിക്ക അംഗീകരിച്ചു എന്നാണ് നെതന്യാഹു പിന്നീട് വിശദീകരിച്ചത്. പലസ്തീനിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കണമെന്നതും സമാധാന നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. അതേ സമയം ട്രംപിൻ്റെ സമാധാന പദ്ധതി 100 ശതമാനവും നിരാകരിക്കുന്നതായി ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.

ഈ നീക്കങ്ങളെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും, പലസ്തീന്‍റെ അവകാശങ്ങളെ വിൽക്കാൻ വച്ചിട്ടില്ലെന്നും അബ്ബാസ് തുറന്നടിച്ചു. പലസ്തീൻ പ്രദേശങ്ങളെ നിരായുധീകരിക്കുക, അഭയാർഥികളുടെ തിരിച്ചുവരവ് വിലക്കുക ഉൾപ്പെടെ ഇസ്രായേൽ പക്ഷപാതിത്വം മാത്രം നിറഞ്ഞതാണ് പദ്ധതിയെന്ന വിലയിരുത്തലാണ് മിക്ക അറബ് രാജ്യങ്ങൾക്കും ഉള്ളത്. എന്നാൽ പദ്ധതിയെ പൂർണമായി തള്ളുന്നതിനോട് അറബ് ലീഗിനുള്ളിലും എതിർപ്പുണ്ട്. കിഴക്കൻ ജറുസലേം കേന്ദ്രമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം നിലവിൽ വരുന്നതു വരെ സായുധ പോരാട്ടം തുടരാൻ തന്നെയാണ് ഹമാസ് ഉൾപ്പെടെയുള്ള സംഘടനകളുടെ തീരുമാനം.

Content Highlights: The Palestinian people and Arab states say they will not cooperate with Trump’s West Asian peace plan