റിപ്പബ്ലിക്ക് ടീവി എഡിറ്റർ അർണബ് ഗോസ്വാമിയെ മാദ്ധ്യമപ്രവർത്തകൻ എന്നുവിളിക്കാൻ വിസമ്മതിച്ച് ഹോങ് കോങ്ങിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പത്രമായ സൗത്ത് ചൈന മോണിങ് പോസ്റ്റ്. കഴിഞ്ഞ ദിവസം കോമേഡിയൻ കുനാൽ കമ്രയുമായി വിമാനത്തിൽവച്ചുണ്ടായ തർക്കം സംബന്ധിച്ച വാർത്താ റിപ്പോർട്ടിലാണ് അർണബിനെ മാദ്ധ്യമപ്രവർത്തകൻ എന്ന വിശേഷണം നൽകാതെ ബി.ജെ.പി മിത്രം എന്ന് വിശേഷിപ്പിച്ചത്.
ഇക്കഴിഞ്ഞ ജനുവരി 28ന് മുംബൈയിൽ നിന്നു ലഖ്‌നൗവിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വച്ച് കുമാൻ കമ്ര ചില ചോദ്യങ്ങൾ അർണബിനോട് ചോദിക്കുകയും അദ്ദേഹം അതിനെല്ലാം മിണ്ടാതിരിക്കുകയും ചെയ്യുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ കുനാൽ കമ്രയ്ക്ക് ഇൻഡിഗോ, എയർ ഇന്ത്യ വിമാനക്കമ്പനികൾ യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച വാർത്തയിലാണ് ബി.ജെ.പി മിത്രമെന്ന വിശേഷണം.
ബി.ജെ.പി മിത്രത്തെ ചോദ്യം ചെയ്ത ഇന്ത്യൻ കൊമേഡിയൻ കുനാൽ കമ്രയെ ഇൻഡിഗോയിൽ നിന്നും എയർ ഇന്ത്യയിൽ നിന്നും വിലക്കി- എന്ന തലക്കെട്ടിലാണ് വാർത്ത നൽകിയത്. ഇൻഡിഗോ വിമാനത്തിൽ വച്ച് ടെലിവിഷൻ അവതാരകനും ഇന്ത്യയുടെ ഭരണകക്ഷി പാർട്ടി അനുഭാവിയുമായയാളെ ചോദ്യം ചെയ്തതിനാൽ ഇന്ത്യൻ കൊമേഡിയനെ രാജ്യത്തിന്റെ എയർലൈൻ ഉൾപ്പെടെ നിരവധി വിമാനക്കമ്പനികൾ വിലക്കി. സർക്കാരിന്റെ സമ്മർദ്ദത്തിനുവഴങ്ങിയാണ് വിമാനക്കമ്പനികളുടെ നടപടി- എന്നാണ് വാർത്ത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി.ജെ.പി അനുഭാവിയാണ് ഗോസ്വാമി. പാർട്ടിയെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളെന്ന് ഇദ്ദേഹം മുദ്രകുത്തിയിരുന്നു- എന്നും വാർത്തയിൽ പറയുന്നു.
റിപ്പബ്ലിക് ടിവിയുടെ എഡിറ്ററാണ് അർണബ് ഗോസ്വാമി. കഴിഞ്ഞ ദിവസം ഇൻഡിഗോ വിമാനത്തിൽ ഇരിക്കുകയായിരുന്ന റിപ്പബ്ളിക് ടിവി ഉടമയും മാധ്യമപ്രവർത്തകനുമായ അർണബ് ഗോസ്വാമിയോട് കുനാൽ നിരവധി ചോദ്യങ്ങൾ ഉന്നിയിക്കുകയും അദ്ദേഹം പ്രതികരിക്കാതെയിരിക്കുകയും ചെയ്ത വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അർണബ് നടത്തിയ ചാനൽ ചർച്ചയിൽ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ അമ്മയുടെ ജാതിയെക്കുറിച്ച് മോശം പരാമർശം നടത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളാണ് കുനാൽ വിമാനത്തിൽ നിന്നും അർണബിനോടു ചോദിച്ചിരുന്നത്. നിങ്ങളൊരു ഭീരുവാണോ അതോ മാധ്യമപ്രവർത്തകനോ എന്ന് ആവർത്തിച്ചു കുനാൽ കമ്ര ചോദിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. അർണബ് ഗോസ്വാമിയ്ക്കെതിരെ വിമാനത്തിൽ അപമര്യാദയോടെ പെരുമാറി എന്ന കാരണത്തിനാണ് ഇൻഡിഗോ വിമാന കമ്പനി വിലക്കേർപ്പെടുത്തിയത്.
content highlights: Chinese media calls Arnab Goswami a BJP ally