മോദിക്ക് എതിരെ സംസാരിച്ചാൽ രാജ്യദ്രോഹിയാക്കുന്നു; ഒവൈസി

Owaisi hints at 'jail bharo' over slapping of cases on Modi critics

പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ച് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. യുണൈറ്റഡ് മുസ്ലിം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതിക്കെതിരെ നടന്ന സ്ത്രീകളുടെ പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കവേയാണ് ഒവൈസി ഇത്തരത്തിലുള്ള ഒരു പ്രസ്‌താവന ഉന്നയിച്ചത്.

ജനുവരി 26ന് കർണാടകയിലെ സ്‌കൂളിൽ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം കളിച്ച വിദ്യാർത്ഥിയുടെ അമ്മയ്‌ക്കെതിരെയും അധ്യാപികയ്‌ക്കെതിരെയും രാജ്യദ്രോഹ കുറ്റം ചുമത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആരെങ്കിലും മോദിക്കെതിരെ സംസാരിച്ചാൽ അവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്നു. ജയിലുകളിൽ ആളുകളെ നിറയ്ക്കാനുള്ള പരിപാടി എപ്പോൾ, ഏത് സമയത്താണ് ആരംഭിക്കേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കുന്ന ദിവസം വരുമെന്ന് മോദിയോട് പറയാൻ ആഗ്രഹിക്കുകയാണ്. എല്ലാവരും തെരുവുകളിലേക്കിറങ്ങിയാൽ ജയിൽ തികയാതെ വരുമെന്നും ഒവൈസി കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി.

ഇന്ത്യയിലെ എല്ലാ ജയിലുകളിലും മൂന്നു ലക്ഷം ജനങ്ങളെ പാർപ്പിക്കാനേ സൗകര്യമുള്ളു. എല്ലാവരും കൂടി തെരുവുകളിലേക്കിറങ്ങിയാൽ ഇന്ത്യയിലെ ജയിലുകൾ തികയാതെ വരും. ഒന്നുകിൽ നിങ്ങൾ ഞങ്ങളെ ജയിലിൽ പാർപ്പിക്കണം,അല്ലെങ്കിൽ വെടിവെക്കണം, ഒവൈസി പറയുകയുണ്ടായി.

Content highlights: Owaisi hints at ‘jail bharo’ over slapping of cases on Modi critics