മുപ്പത്തിയാറ് മണിക്കൂർ നീളുന്ന സന്ദർശനത്തിനായെത്തിയ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തം. ട്രംപ് ഇന്ത്യയിലെത്തിയതിന് തൊട്ടു പിന്നാലെ ഗോ ബാക്ക് ട്രംപ് എന്ന ഹാഷ്ടാഗോടു കൂടിയാണ് ആളുകൾ പ്രതിഷേധിക്കുന്നത്. ട്രംപിന് സ്വീകരണമൊരുക്കുന്നതിൽ പ്രതിഷേധിച്ച് അഹമ്മദാബാദിലെ അക്കാദമിക് പണ്ഡിതരും കലാകാരന്മാരും എഴുത്തുകാരും വിദ്യാർത്ഥികളുമടക്കം 170 പേർ ഒപ്പിട്ട തുറന്ന കത്ത് പ്രസിദ്ധപ്പെടുത്തി. ഇന്ത്യൻ വിരുദ്ധ നിലപാടാണ് ട്രംപിൻ്റേതെന്നും ‘നമസ്തേ ട്രംപ്’ സ്വീകരണ പരിപാടി ട്രംപ് അർഹിക്കുന്നല്ലെന്നും കത്തിൽ പറഞ്ഞു.
ഇന്ത്യൻ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സന്ദർശനത്തിനെതിരായി ഇടതുപക്ഷ പാർട്ടികളും പുരോഗമന ബഹുജന സംഘടനകളും വിദ്യാർത്ഥി- യുവജന സംഘടനകളും രാജ്യവ്യാപക പ്രതിഷേധം ഉയർത്തുന്നുണ്ട്. ആസമിലെ ഗുവാഹത്തിൽ ഇടത് സംഘടനകൾ ട്രംപിൻ്റെ സന്ദർശനത്തിന് എതിരെ പ്രതിഷേധ പ്രകടനം നടത്തി. വ്യാപാര-പ്രതിരോധ മേഖലകളിൽ യുഎസ് താൽപര്യങ്ങൾക്ക് മോദി സർക്കാർ പൂർണ്ണമായും വഴങ്ങുകയാണെന്നും, കാശ്മീർ, പൗരത്വ ഭേദഗതി നിയമം എന്നീ വിഷയങ്ങളിൽ ട്രംപിൻ്റെ പിന്തുണ ഏതു വിധത്തിലും നേടിയെടുക്കാനാണ് മോദിയുടെ ശ്രമമെന്നും, ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് വിരുദ്ധമായ കൊടുക്കൽ വാങ്ങലാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപെടുത്തി.
Content Highlights: Protests against US president who arrived in India