വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായി; ശ്രീദേവിക്കും മക്കള്‍ക്കും ഇനി സ്വസ്ഥമായുറങ്ങാം

thiruvananthapuram corporation built home for sreedevi and family

തിരുവനന്തപുരം: കൈതമുക്ക് ഉപ്പിടാംമൂട് പാലത്തിന് സമീപം കോളനിയില്‍ താമസിച്ചിരുന്ന കുടുംബത്തിന് വീട് നിർമ്മിച്ച് നല്‍കി തിരുവനന്തപുരം കോർപ്പറേഷൻ. പട്ടിണി മൂലം കുട്ടി മണ്ണ് വാരി തിന്ന സംഭവം കേരളം മുഴുവൻ ചർച്ച ചെയ്തിരുന്നു. ഇതേ തുടർന്നാണ് കുടുംബത്തിന് സൌജന്യമായി വീടും, ശുചീകരണ തൊഴിലാളിയായി ജോലിയും നല്‍കാമെന്ന് കോർപ്പറേഷൻ വാഗ്ദാനം നല്‍കിയത്. കല്ലടി മുഖത്തെ ഫ്ലാറ്റ് സമുച്ചയത്തില്‍ ഒഴിവുണ്ടായിരുന്ന ഒരു ഫ്ലാറ്റാണ് ശ്രീദേവിക്ക് നല്‍കിയത്.

കുടുംബത്തിൻ്റെ ദുരിതം നിറഞ്ഞ ദിനങ്ങളാണ് ഇതോടെ അവസാനിച്ചത്. മൂന്ന് മാസം മുമ്പ് വരെ ആറ് കുട്ടികളുമായി പുറംപോക്ക് കോളനിയില്‍ കഴിഞ്ഞ ശ്രീദേവിക്ക് ഇനി സ്വസ്ഥമായുറങ്ങാം. സംഭവം വാർത്ത മാധ്യമങ്ങള്‍ ചർച്ചയാക്കിയതോടെ മേയർ ഉടനടി സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചതാണ് കുടുംബത്തിന് തുണയായത്. നഗരസഭ താല്‍കാലികമായി ജോലി നല്‍കിയെങ്കിലും ചെറിയ കുട്ടിയുള്ളതിനാല്‍ ജോലിക്ക് പോകാൻ കഴിയില്ല. വൈദ്യുതി, വെള്ളം എന്നിവയും നഗരസഭ നല്‍കിയിട്ടുണ്ട്.

ഇന്നലെയാണ് വീടിൻ്റെ താക്കോല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശ്രീദേവിക്ക് കൈമാറിയത്. ഡപ്യൂട്ടി മേയർ രാഖി രവികുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. ബാബു, എസ്. പുഷ്പലത, പാളയം രാജന്‍, എസ്.എസ് സിന്ധു, ഐ.പി.ബിനു തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു താക്കോല്‍ കൈമാറിയത്.

content highlights: thiruvananthapuram corporation built home for sreedevi and family