കൊറോണ ഭീതി: ഹോളി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഇന്ത്യയിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍, ഹോളി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. വലിയ ആള്‍ക്കൂട്ടമുള്ള പരിപാടികള്‍ കുറക്കണമെന്ന വിദഗ്ധരുടെ ഉപദേശ പ്രകാരമാണ് തീരുമാനമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും, ആരും ഭയപ്പെടേണ്ടതില്ലെന്നും മോദി പറഞ്ഞു. ആറ് പേർക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. കൂടാതെ, ഇന്ത്യയിലെത്തിയ 15 ഇറ്റാലിയൻ വിനോദ സഞ്ചാരികള്‍ക്കും വൈറസ് സ്ഥിരീകരിച്ചതായി ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് രാവിലെ അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും സംഘം അറിയിച്ചു. ഇവരെ ഡല്‍ഹിയില്‍ തന്നെ നിരീക്ഷിക്കുകയാണ്.

അതേസമയം, മാർച്ച് 3 വരെ അനുവദിച്ച വിസകള്‍ റദ്ദാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. ഇറ്റലി, ഇറാൻ, സൌത്ത് കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളില്‍ നിന്ന് മാർച്ച് മൂന്നിനോ അതിനു മുമ്പോ ഇന്ത്യയിലേക്ക് വരുന്ന പൌരന്മാരുടെ പതിവ് വിസകളും ഇ-വിസകളുമാണ് താല്‍കാലികമായി റദ്ദാക്കിയത്.

ചൈനയില്‍ നിന്നുള്ള ഇന്ത്യക്കാരുടെ വിസ ഫെബ്രുവരി 5 വരെ റദ്ദാക്കിയിരുന്നു. ഇത് പ്രാബല്യത്തില്‍ തുടരുമെന്നും സർക്കാർ അറിയിച്ചു. നയതന്ത്ര ഉദ്യോഗസ്ഥർ, യുഎൻ, മറ്റ് അന്താരാഷ്ട്ര സംഘടനകള്‍, ഒസിഐ കാർഡ് ഉടമകള്‍, ഇറ്റലി, ഇറാൻ, ജപ്പാൻ, സൌത്ത് കൊറിയ എന്നിവിടെ നിന്നുള്ള വിമാന ജോലിക്കാർ എന്നിവർക്ക് നിയമം ബാധകമല്ല. എങ്കിലും ഇവർ കൃത്യമായ ആരോഗ്യ പരിശോധനക്ക് വിധേയരാകണമെന്നും മന്ത്രാലയം അറിയിച്ചു.

Content Highlight: Modi will not participate in Holy celebrations due to Corona