ബ്രിട്ടീഷ് ആരോഗ്യ മന്ത്രി നദീൻ ഡോറിസിന് കൊറോണ 

Coronavirus, Health minister Nadine Dorries tests positive

ബ്രിട്ടീഷ് ആരോഗ്യ മന്ത്രിയും കര്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയുമായ നദീന്‍ ഡോറിസിന് കൊറോണ ബാധ സ്ഥിരീകരിച്ചു. നദീൻ ഡോറിസ് തന്നെയാണ് പത്രക്കുറിപ്പിലൂടെ വിവരം പുറത്തുവിട്ടത്. താനിപ്പോൾ സ്വയം വീട്ടിൽ കഴിയുകയാണെന്നും ഡോറിസ് വ്യക്തമാക്കി. മന്ത്രിക്ക് എവിടെ നിന്നാണ് വെെറസ് ബാധയുണ്ടായെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. 

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തില്‍ ബ്രിട്ടണില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ് നദീന്‍ ഡോറിസ്. രേഖകളിൽ ഒപ്പുവയ്ക്കുന്നതിനിടെ മന്ത്രി കുഴഞ്ഞുവീഴുകയായിരുന്നു. എന്നാൽ മന്ത്രിയുടെ നില ഇപ്പോൾ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കം പ്രമുഖരായ നിരവധി പേരുമായി നദീന്‍ ഡോറിസ് അടുത്ത ദിവസങ്ങളില്‍ ഇടപഴകിയിരുന്നതായുള്ള വിവരങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

ബ്രിട്ടണിൽ ഇതുവരെ ആറുപേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 370 പേർക്ക് വെെറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോള തലത്തിൽ മരിച്ചവരുടെ എണ്ണം നാലായിരം കവിഞ്ഞു. 

content highlights: Coronavirus, Health minister Nadine Dorries tests positive