ഭീതി ഒഴിയുന്നു; കൊറോണ ബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നതായി ചൈന

ബീജിംങ്: ലോകം മുഴുവന്‍ മഹാമാരിയുടെ പിടിയിലാകുമ്പോള്‍ വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈനയില്‍ ഭീതി കുറഞ്ഞുതുടങ്ങി. ചൈനയില്‍ പുതിയ രോഗികളുടെ എണ്ണവും മരണവും കുറയുകയാണ്. വൈറസ് വ്യാപനം പാരമ്യാവസ്ഥയില്‍ എത്തിയതിന് ശേഷം കുറയുകയാണെന്ന് ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പറഞ്ഞു.

2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ നിന്ന് പടര്‍ന്ന് തുടങ്ങിയ കൊറോണ ബാധയെ ജനുവരിയില്‍ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. 2020 ജനുവരിയിലാണ് വൈറസ് ചൈനയുടെ എല്ലാ ഭാഗങ്ങളിലേക്കും പടരാന്‍ തുടങ്ങിയത്. കൊവിഡ് 19 ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതോടെ ലോകം അതീവ ജാഗ്രതയിലാണ്. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വൈറസ് പടരുകയും ഇറ്റലിയിലും ഇറാനിലും ഉള്‍പ്പെടെ ചൈനയേക്കാള്‍ രൂക്ഷമായ സ്ഥിതിയാവുകയും ചെയ്‍തു. ഇതോടെയാണ് ലോകത്തെ മുഴുവന്‍ വിറപ്പിക്കുന്ന വൈറസ് ബാധയെ മഹാമാരിയായി പ്രഖ്യാപിക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചത്.

ചൈനയില്‍ ബുധനാഴ്‍ച 18 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 11 പേരാണ് മരിച്ചത്. ചൈനയിലെ രോഗബാധിതരില്‍ 70 ശതമാനവും സുഖം പ്രാപിച്ചതായി നേരത്തെ ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. വൈറസ് ബാധ കുറയാന്‍ തുടങ്ങിയതോടെ കഴിഞ്ഞ ചൊവ്വാഴ്‍ച ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് വുഹാന്‍ സന്ദര്‍ശിച്ചിരുന്നു. കൊറോണ വൈറസ് പടരാന്‍ തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഷി ജിന്‍പിങ് വുഹാനിലെത്തിയത്.

വുഹാന്‍ ഉള്‍പ്പെട്ട ഹുബെയ് പ്രവിശ്യയില്‍ വൈറസ് ബാധയുടെ രൂക്ഷത കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ മറ്റു ഭാഗങ്ങളില്‍ നേരത്തെ തന്നെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ തുടങ്ങിയിരുന്നു. ഹുബെയ് പ്രവിശ്യയില്‍ അത്യാവശ്യ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കുമെന്നാണ് കഴിഞ്ഞ ദിവസം പ്രാദേശിക ഭരണകൂടം അറിയിച്ചത്.

Content Highlight: China reports less cases of corona virus