മധ്യപ്രദേശിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനും ശത്രുക്കളെ ഇല്ലാതാക്കാനും ശത്രുസംഹാര പൂജ നടത്തി കമൽ നാഥ് മന്ത്രിസഭയിലെ മന്ത്രി പി സി ശർമ്മ. അഗർ മാൽവ ക്ഷേത്രത്തിൽ വച്ചാണ് ശർമ്മ പൂജ നടത്തിയത്.
‘ഞാൻ മതകാര്യ ആത്മീയ വകുപ്പ് മന്ത്രികൂടിയാണ്. അതുകൊണ്ട് തന്നെ ഭക്തരുടെ ക്ഷേമത്തിനായി ജോലിയുടെ ഭാഗമായി ഇവിടെ വരാറുണ്ട്. ഞങ്ങളിപ്പോൾ മാ ബഗ്ലാമുഖി ക്ഷേത്രത്തിലാണ്. അതുകൊണ്ട് തന്നെ സർക്കാരിന് ഒരു അപകടവും സംഭവിക്കില്ല. കോൺഗ്രസിലേയും മറ്റ് ഘടകകക്ഷികളുമുൾപ്പടെ 121 എംഎൽഎമാർ ഞങ്ങളോടൊപ്പം ഉണ്ട്. ഇനി നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോൾ അഞ്ച് നിയമസഭാംഗങ്ങൾ കൂടി കൂടുതലായി പിന്തുണക്കും’. പി സി ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ജോതിരാദിത്യ സിന്ധ്യ പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നത് കോൺഗ്രസിന് വലിയ തിരിച്ചടി ഉണ്ടാക്കിയിരുന്നു. ആറ് മന്ത്രിമാർ ഉൾപ്പടെ 22 പേർ രാജി സമർപ്പിക്കുകയും ചെയ്തു. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കമൽനാഥ് കഴിഞ്ഞ ദിവസം ഗവർണറെ കണ്ടു. ശനിയാഴ്ച ഗവർണർ വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന് ആവശ്യപ്പെട്ട് കമൽനാഥിന് കത്തും കെെമാറി. മാർച്ച് 16 ന് വീണ്ടും നിയമസഭ കൂടും. അന്ന് വിശ്വാസവോട്ടെടുപ്പ് നടത്തുമെന്ന് ഗവർണർ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളിലാണ് കോൺഗ്രസ്. അതിൻ്റെ ഭാഗമായാണ് ശത്രുസംഹാര പൂജയെന്ന് പി സി ശർമ്മ പറഞ്ഞു.
content highlights: Madhya Pradesh Minister’s “Shatru Vinashak” Ritual Amid Political Crisis








