ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടുന്നതിനെപറ്റി ചർച്ച നടത്തും. ഡൽഹി, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഹരിയാണ, ഹിമാചൽപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ സംബന്ധിച്ച് കേന്ദ്രസർക്കാരിൻ്റെ നിർദ്ദേശം നടപ്പിലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
തിങ്കളാഴ്ചത്തെ ചർച്ചയിൽ ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും പ്രധാനമന്ത്രിയുമായി സംസാരിക്കുകയെന്നാണ് സൂചന. നേരത്തേ നടന്ന ചർച്ചകളിൽ സംസാരിക്കാൻ അവസരം ലഭിക്കാതിരുന്ന ബിഹാർ, ഒഡിഷ, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, മിസോറം, മണിപ്പൂർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കുമായിരിക്കും അവസരം. സാമ്പത്തിക പാക്കേജ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സംസ്ഥാനങ്ങൾ ഉന്നയിക്കും. രോഗവ്യാപന മേഖലകളിൽ ലോക്ക് ഡൗൺ നിലനിർത്തണമെന്നും രോഗബാധയില്ലാത്ത മേഖലകളിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് കൂടുതൽ ഇളവുകൾ ഏർപ്പെടുത്തണമെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെടും. ലോക്ക് ഡൗൺ നിലവിൽ വന്നതിനുശേഷം മൂന്നാംവട്ടമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്.
content highlights: PM Narendra Modi to hold review meet with CMs today over lockdown extension







