മാവോയിസ്റ്റ് സാന്നിധ്യം സംശയിച്ച് കോഴിക്കോട് എന്‍ഐഎ റെയ്ഡ് നടത്തുന്നു. കോഴിക്കോട് ചെറുകുളത്തൂര്‍ പരിയങ്ങാട് ഭാഗത്താണ് എന്‍ഐഎ കൊച്ചി യൂണിറ്റിൻ്റെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്. പുലര്‍ച്ചെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. രണ്ട് പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതായി വിവരമുണ്ട്. പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത അലനേയും താഹയേയും ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡെന്ന് സൂചനയുണ്ട്.
ലോക്ക്ഡൗണിൻ്റെ പശ്ചാത്തലത്തില്‍ കാട്ടില്‍ നിന്നുള്ള മാവോയിസ്റ്റുകള്‍ നാട്ടിലിറങ്ങുന്നുവെന്ന ഇൻ്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. വയനാട്ടില്‍ പൊലീസ് വെടിയേറ്റ് മരിച്ച മലപ്പുറം പാണ്ടിക്കാട്ടെ സി.പി ജലീലിൻ്റെ വീട്ടിലും തറവാട്ട് വീട്ടിലും പരിശോധന നടക്കുന്നുണ്ട്. അലന്‍, താഹ കേസില്‍ രണ്ട് ദിവസം മുമ്പാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍, സി പി ഉസ്മാന്‍ എന്നിവര്‍ക്കെതിരെ യു.എ.പി.എയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
content highlights: NIA raids in Kozhikode