സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി; ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഈടില്ലാതെ മൂന്ന് ലക്ഷം കോടിയുടെ വായ്പ

FM Nirmala Sitharaman lists business reforms in ‘Mission Atmanirbhar Bharat’

സ്വയം പര്യാപ്തമായ ഇന്ത്യ എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ ‘ആത്മനിര്‍ഭര്‍ അഭിയാന്‍’ പ്രഖ്യാപിച്ചതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ദീര്‍ഘവീക്ഷണത്തോടെയുള്ള പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്നും രാജ്യത്തിനായുള്ള പുതിയ കാഴ്ചപ്പാടാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചതെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിൻ്റെ വിശദാംശങ്ങൾ വിവരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.

പ്രാദേശിക ബ്രാൻ്റുകള്‍ക്ക് ആഗോള വിപണി കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഭൂമി, തൊഴില്‍, ധനലഭ്യത, നിയമം എന്നിവയാണ് സാമ്പത്തിക പാക്കേജിൻ്റെ ആധാരശിലകള്‍. ദരിദ്രര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും പണം ഉറപ്പാക്കുമെന്നും കര്‍ഷകര്‍ക്ക് നേരിട്ട് പണം എത്തിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ 52,606 കോടി രൂപ വിതരണം ചെയ്തു. 71,738 മെട്രിക് ടണ്‍ ധാന്യങ്ങള്‍ വിതരണം ചെയ്തു. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ധാന്യങ്ങള്‍ നല്‍കി. മന്ത്രി വിശദീകരിച്ചു

റിയല്‍ എസ്റ്റേറ്റ് മേഖലയുടെ പുനരുജ്ജീവനം സര്‍ക്കാരിൻ്റെ ലക്ഷ്യമാണ്. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഈടില്ലാതെ മൂന്ന് ലക്ഷം കോടിയുടെ വായ്പ അനുവദിക്കും. വായ്പാ കാലാവധി നാല് വര്‍ഷമാണ്. ഒരു വര്‍ഷത്തേക്ക് തിരിച്ചടവിന് മൊറട്ടോറിയം ഉണ്ടായിരിക്കും. ഒക്ടോബര്‍ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം. 100 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ. 45 ലക്ഷം വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇതിൻ്റെ ഗുണം ലഭിക്കും. വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്കും അപേക്ഷിക്കാം.

വൈദ്യുതി കമ്പനികൾക്ക് 90,000 കോടി. കുടിശിക തീർക്കാൻ ഉൾപ്പെടെയാണ് ഈ തുക അനുവദിക്കുന്നത്. ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്ക് 30,000 കോടി രൂപയുടെ സ്പെഷൽ ലിക്യുഡിറ്റി സ്കീമും 45,000 കോടി രൂപയുടെ പാർഷ്യൽ ക്രഡിറ്റ് ഗ്യാരൻ്റി സ്കീമും അനുവദിക്കും. സർക്കാർ മേഖലയിൽ 200 കോടി രൂപ വരെയുള്ള ആഗോള ടെൻഡറുകൾ അനുവദിക്കില്ല. ഇത് ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനും മെക് ഇൻ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. മികച്ച നിലയിൽ‍ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ശേഷി വർധിപ്പിക്കാൻ 10,000 കോടിയുടെ സഹായം. ഇപിഎഫ് വിഹിതം കേന്ദ്ര സർക്കാർ അടയ്ക്കുന്നത് തുടരും. 72.22 ലക്ഷം തൊഴിലാളികളുടെ മൂന്നു മാസത്തെ ഇപിഎഫ് വിഹിതമാണ് സർക്കാർ അടയ്ക്കുന്നത്. 15,000 രൂപയിൽ താഴെ ശമ്പളമുള്ള 100 ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഇപിഎഫ് ഇളവ്.  

ഒരു കോടി വരെ നിക്ഷേപവും അഞ്ചു കോടി വിറ്റവരവും ഉള്ള സ്ഥാപനങ്ങള്‍ മൈക്രോ വിഭാഗത്തില്‍ പെടും. 10 കോടി നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ചെറുകിട വിഭാഗത്തിലും 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവും ഉള്ള സ്ഥാപനം ഇടത്തരം വിഭാഗത്തിലും പെടും. പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് 2000 കോടി നൽകും. തകർച്ചയിലായ ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ മൂലധനം അനുവദിക്കും. പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് വായ്പാ രൂപത്തിലാകും മൂലധനം ലഭിക്കുക. വായ്പ കിട്ടാക്കടമായി പ്രഖ്യാപിക്കപ്പെട്ടവർക്കും തകർച്ചയിലായവർക്കും അപേക്ഷിക്കാം. 200 കോടി വരെയുള്ള സര്‍ക്കാര്‍ കരാറുകള്‍ക്ക് ആഗോള ടെന്‍ഡര്‍ അനുവദിക്കും.

content highlights: FM Nirmala Sitharaman lists business reforms in ‘Mission Atmanirbhar Bharat’