ഉത്തർപ്രദേശിൽ സമാജ്‌വാദി പാര്‍ട്ടി നേതാവും മകനും പട്ടാപകൽ വെടിയേറ്റു മരിച്ചു

Samajwadi Party Leader, Son, Shot Dead On Camera In UP

ഉത്തര്‍പ്രദേശ് സംബാല്‍ ജില്ലയില്‍ സമാജ്‌വാദി പാര്‍ട്ടി പ്രാദേശിക നേതാവും മകനും വെടിയേറ്റു മരിച്ചു. സമാജ്‌വാദി പാര്‍ട്ടി നേതാവായ ചോട്ടെ ലാല്‍ ദിവാകറും മകന്‍ സുനിലുമാണ് കൊല്ലപ്പെട്ടത്. രണ്ടു പേര്‍ ചേര്‍ന്നാണ് വെടിയുതിര്‍ത്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം. നിരവധി പേര്‍ നോക്കിനില്‍ക്കേയായിരുന്നു കൊലപാതകം.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍മ്മിച്ച റോഡുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഗ്രാമത്തിലെ കൃഷിയിടത്തിന് നടുവിലൂടെയായിരുന്നു റോഡ് നിര്‍മ്മിച്ചത്. ഈ റോഡ് കാണാനായി എത്തിയതായിരുന്നു ഇരുവരും. എന്നാല്‍ തങ്ങളുടെ കൃഷിസ്ഥലം നികത്തിയാണ് റോഡ് പണിതതെന്നും ഇത് അനുവദിച്ചുതരില്ലെന്നും പറഞ്ഞ് രണ്ടു പേർ ഇവരുമായി തർക്കത്തിലേർപ്പെട്ടു. തോക്കുകളുമായിട്ടാണ് ഇവര്‍ എത്തിയത്. തര്‍ക്കത്തിനിടെ ആയുധധാരികള്‍ ചോട്ടെ ലാലിനും മകനേയും വെടിവെച്ചിടുകയായിരുന്നു. സാവിന്ദര്‍ എന്നയാളാണ് വെടിവെച്ചവരിൽ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം പ്രചരിക്കുന്നുണ്ട്. അതേസമയം  ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. കൊല്ലപ്പെട്ട ഛോട്ടേ ലാലിൻ്റെ ഭാര്യ സാംബാല്‍ ഷംസോയി ഗ്രാമമുഖ്യയാണ്.

content highlights: Samajwadi Party Leader, Son, Shot Dead On Camera In UP