യുഎസിൽ വൈറ്റ്ഹൗസിനു മുന്നിലും പ്രതിഷേധം; ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി

Trump took shelter in White House bunker as protests raged Friday

ജോര്‍ജ് ഫ്‌ളോയിഡ്‌ പൊലീസ് പീഡനത്തില്‍ മരിച്ച സംഭവത്തില്‍ യുഎസിൽ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. പ്രതിഷേധക്കാര്‍ വൈറ്റ്ഹൗസിന് മുന്നിലും പ്രതിഷേധം നടത്തി. ഞായറാഴ്ച പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ഔദ്യോഗിക വസതിലേക്ക് മുദ്രാവാക്യങ്ങളും ബാനറുകളുമായാണ് പ്രതിഷേധകർ എത്തിയത്. തുടർന്ന് യുഎസ് പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി. വൈറ്റ് ഹൗസിനു മുന്നിലേക്ക് ഇരച്ചെത്തിയ പ്രക്ഷോഭകരെ ഒഴിപ്പിക്കുന്നതിനായി പൊലീസ് കണ്ണൂർ വാതകം പ്രയോഗിച്ചു. തുടർച്ചയായ ആറാം ദിവസമാണ് യുഎസ് തലസ്ഥാനത്ത് പ്രക്ഷോഭം തുടരുന്നത്. 

അപ്രതീക്ഷിതമായി വൈറ്റ്ഹൗസിന് മുമ്പിലുണ്ടായ പ്രതിഷേധത്തില്‍ ഞെട്ടിയിരിക്കുകയാണ് ട്രംപ് ഭരണകൂടം. വൈറ്റ്ഹൗസില്‍ ട്രംപിനൊപ്പമുണ്ടായിരുന്ന ഭാര്യ മെലാനിയേയും മകന്‍ ബറോണിനേയും ബങ്കറിലേക്ക് മാറ്റിയോ എന്നതില്‍ വ്യക്തതയില്ല. ഒരു മണിക്കൂര്‍ സമയം മാത്രമേ വൈറ്റ്ഹൗസിലെ ഭൂഗര്‍ഭ ബങ്കറില്‍  ട്രംപ് ചിലവഴിച്ചിട്ടുള്ളൂ എന്നാണ് വിവരം. 

ജോര്‍ജ് ഫ്‌ളോയിഡിൻ്റെ മരണത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനെ തുടർന്ന് യുഎസിലെ നാല്പതോളം നഗരങ്ങളില്‍ ഞായറാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പ്രതിഷേധക്കാരെ നേരിടാന്‍ 15 സംസ്ഥാനങ്ങളിലും വാഷിങ്ടണിലും നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ പൊലീസ് വെടിവയ്പിൽ ഇൻഡ്യാനപ്പലിസിൽ ഒരാൾ മരിച്ചു. വ്യാപാരസ്ഥാപനങ്ങളും തീവച്ച പ്രതിഷേധക്കാർ വെർജീനിയ, മിസിസിപ്പി തുടങ്ങിയ നഗരങ്ങളിലെ യുദ്ധസ്മാരകങ്ങളും തകർത്തു. 22 നഗരങ്ങളിലായി 4 ദിവസത്തിനകം 1,669 പേരാണ് അറസ്റ്റിലായത്.

content highlights: Trump took shelter in White House bunker as protests raged Friday