തൊഴിലില്ലായ്മ: എച്ച്1ബി വിസയടക്കം നിര്‍ത്തലാക്കാന്‍ അമേരിക്ക ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

വാഷിംങ്ടണ്‍: കൊവിഡ് വ്യാപനം രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ തൊഴിലില്ലായ്മ ശക്തമാകുന്നതായി റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുവദിക്കുന്ന എച്ച്1ബി അടക്കമുള്ള തൊഴില്‍ വിസകള്‍ നിര്‍ത്തലാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കാരെയടക്കം വ്യാപകമായി ബാധിക്കുന്ന തീരുമാനത്തിലേക്കാണ് ട്രംപിന്റെ നീക്കം.

ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രഫഷണലുകളാണ് സാധാരണയായി എച്ച്1ബി വിസയുടെ ഉപയോക്താക്കള്‍. വിസ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കില്‍ മാത്രമേ പുതിയ എച്ച്1ബി വിസയിലുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം സാധ്യമാകൂ. നിലവില്‍ യുഎസിലുള്ളവര്‍ക്ക് നിയമം ബാധിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഒക്ടോബര്‍ ഒന്നിന് അമേരിക്കയില്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിസ പുതുക്കുന്നത് നിര്‍ത്തലാക്കാനാണ് ആലോചന. അതേ സമയം, അമേരിക്കന്‍ പൗരന്മാര്‍ക്ക് ജോലി ഉറപ്പ് നല്‍കുന്ന വിദഗ്ധരുടെ ആശയങ്ങള്‍ പരിശോധിച്ച് വരികയാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

Content Highlight: Reports shows that US planned to cancel H-1B Visas